കുസാറ്റ് അപകടം: ശ്വാസം മുട്ടലാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; 2 പേരുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കി; 2 പെണ്‍കുട്ടികളുടെ നില ഗുരുതരമെന്ന് മന്ത്രി വീണാ ജോര്‍ജ്

കളമശേരി കുസാറ്റ് അപകടത്തിൽ മരിച്ചവരുടെ മരണകാരണം ശ്വാസം മുട്ടലെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട്. 2 പേരുടെ മൃതദേഹം വിട്ടു നൽകി. 32 പേർ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്. 3 പേർ ഐ സി യുവിലാണ്. ആസ്റ്റർ ആശുപത്രിയിലുള്ള രണ്ട് പെൺകുട്ടികളുടെ നില ഗുരുതരമാണെന്ന് വിവരം. ചികിത്സയിലുള്ളവരുടെ സൗകര്യങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്.

കുസാറ്റിൽ മരിച്ച വിദ്യാർത്ഥികളുടെ ഭൗതിക ശരീരത്തിൽ മന്ത്രിമാരായ പി രാജീവ് ആർ ബിന്ദു എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. ഹൈബി ഈഡൻ എം.പി., ബെന്നി ബഹനാൻ എം.പി.,എ.എ. റഹീം എം.പി. അൻവർ സാദത്ത് എംഎൽഎ, ഇ.പി. ജയരാജൻ, ടി.എം. തോമസ് ഐസക്, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉഷ ടൈറ്റസ്, ജില്ലാ കളക്ടർ എൻ. എസ്.കെ. ഉമേഷ്, കുസാറ്റ് വി.സി. ഡോ. പി.ജി. ശങ്കരൻ തുടങ്ങിയവർ പങ്കെടുത്തു.

കുസാറ്റ് സര്‍വകലാശാല കാമ്പസില്‍ ടെക് ഫെസ്റ്റിനിടെയുടെയുണ്ടായ ദുരന്തത്തില്‍ മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കി. ആസ്റ്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 2 പെണ്‍കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണെന്നും മന്ത്രി വീണാ ജോര്‍ജ്. പരിക്കേറ്റവര്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ മൃതദേഹം പൊതുദർശനത്തിന് ശേഷം വീടുകളിലേക്ക് അയച്ചു.

അതേസമയം അപ്രതീക്ഷിതമായി പുറത്തുനിന്നുള്ളവർ ഉള്ളിലേക്ക് കയറിയതാകാം അപകടകാരണമെന്ന് കുസാറ്റ് സ്റ്റുഡന്സ് വെൽഫെയർ ഡയറക്ടർ ബേബി മാധ്യമങ്ങളോട് പറഞ്ഞു. 2000 ത്തോളം ആളുകളെ ഉൾക്കൊള്ളിക്കാനാകും എന്ന് പ്രതീക്ഷയുണ്ടായിരുന്നു. എല്ലാവർഷവും ക്യാമ്പസ്സിൽ ഇത്തരം പരിപാടികൾ നടക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടികളുടെയല്ലാം പൂർണ്ണമായ നിയന്ത്രണം കുട്ടികളാണ് ഏറ്റെടുക്കുക.

എന്നാൽ മറ്റു ഡിപ്പാർട്ട്മെന്റുകളിൽ നിന്നുള്ള വിദ്യാർത്ഥികളും പുറത്തുനിന്നുള്ളവരും തള്ളിക്കയറിയത് വലിയ തിരക്കിന് കാരണമായി. മഴ പെയ്തതിനാൽ പെട്ടെന്ന് എല്ലാവരും ഓഡിറ്റോറിയത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

സംഗീതം ആസ്വദിക്കും മുൻപേ ദുരന്തം; അനുശോചനം അറിയിച്ച് നിഖിത ഗാന്ധി

കുസാറ്റ് ദുരന്തത്തിൽ അനുശോചനം അറിയിച്ച് ബോളിവുഡ്‌ ഗായിക നിഖിത ഗാന്ധി. ഗായിക പരിപാടിക്കായി നിശ്ചയിക്കപ്പെട്ട ഓഡിറ്റോറിയത്തിൽ എത്തുന്നതിനു മുൻപ് തന്നെ അപകടം നടന്നിരുന്നു. മരണപ്പെട്ട വിദ്യാർഥികളുടെ കുടുംബത്തോടൊപ്പം പ്രാർഥനയുണ്ടാവുമെന്ന് നിഖിത സമൂഹമാധ്യമത്തിൽ കുറിച്ചു.

അത്യന്തം ദുഃഖകരമായ അവസ്ഥയെക്കുറിച്ച് പറഞ്ഞറിയിക്കാൻ വാക്കുകളില്ലാത്ത അവസ്ഥയിൽ ഹൃദയം നുറുങ്ങുന്നുണ്ടെന്നും ഗായിക പറഞ്ഞു. പ്രശസ്ത ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ സംഗീതനിശ ആരംഭിക്കുന്നതിനു മുൻപാണ് കുസാറ്റിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ അപകടമുണ്ടായത്. കുസാറ്റ് ടെക് ഫെസ്റ്റായ ‘ധിഷ്ണ’യുടെ കലാശക്കൊട്ടായാണ്‌ നിഖിത ഗാന്ധിയുടെ സംഗീതനിശ സംഘടിപ്പിച്ചത്‌.