മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ പുരസ്കാരം എം എൻ കാരശ്ശേരിക്ക് നാളെ സമ്മാനിക്കും

മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ അബ്ദുറഹിമാന്‍ സാഹിബ് അനുസ്മരണവും പുരസ്‌കാരദാനവും നാളെ നടക്കും. അബ്ദുറഹിമാന്‍ സാഹിബിന്റെ 78ാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി ചൊവ്വ (28ന്) വൈകുന്നേരം 4 മണിക്ക് മലപ്പുറം വ്യാപാരഭവനില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ മുരളീധരന്‍ എംപി പുരസ്‌കാരം എം.എന്‍. കാരശേരിക്ക് സമര്‍പ്പിക്കും. കാല്‍ലക്ഷം രൂപയും കീര്‍ത്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.
കേരള സിംഹം എന്നറിയപ്പെട്ടിരുന്ന ധീരനായ സ്വാതന്ത്ര്യസമര പോരാളിയും പത്രാധിപനും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന അബ്ദുറഹിമാന്‍ സാഹിബിന്റെ ആദര്‍ശങ്ങളും ജീവിത വീക്ഷണം ഉയര്‍ത്തികാട്ടിയുള്ള പ്രവര്‍ത്തനങ്ങളും മതനിരപേക്ഷത നിലപാടില്‍ അടിയുറച്ച എഴുത്തും പ്രഭാഷണവും പരിഗണിച്ചാണ് പുരസ്‌കാരം. മുന്‍ എം.പി സി.ഹരിദാസ്, കല്‍പ്പറ്റ നാരായണന്‍, ഡോ.ആര്‍സു എന്നിവടങ്ങുന്ന ജൂറിയാണ് പുരസ്‌ക്കാരത്തിനായി കാരശേരിയെ തെരഞ്ഞെടുത്തത്.

ട്രസ്റ്റ് ചെയര്‍മാന്‍ മുന്‍ എം.പി സി.ഹരിദാസ്, വൈസ് ചെയര്‍മാന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്, എ.പി അനില്‍കുമാര്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ്, പി.ടി അജയ്‌മോഹന്‍, വി.എ കരീം എന്നിവര്‍ പങ്കെടുക്കുമെന്ന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി വീക്ഷണം മുഹമ്മദ് അറിയിച്ചു.