ഇന്ത്യൻ സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന പ്രധാന റിലീസുകളിൽ ഒന്നാണ് ‘പുഷ്പ 2’. അല്ലു അർജുൻ നായകനായി അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനം സുകുമാറാണ് നിർവഹിക്കുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് വന്നിരിക്കുന്ന റിപ്പോർട്ട് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. വമ്പൻ ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്കായി അല്ലു പ്രതിഫലം വാങ്ങുന്നില്ലെന്നും പകരം ലാഭവിഹിതമാണ് കൈപ്പറ്റുന്നത് എന്നാണ് റിപ്പോർട്ട്.
സിനിമയുടെ വരുമാനത്തിന്റെ 33 ശതമാനമായിരിക്കും നടൻ സ്വീകരിക്കുക എന്നാണ് റിപ്പോർട്ട്. തിയേറ്റർ കളക്ഷന് പുറമെ സാറ്റലൈറ്റ്, ഒടിടി എന്നിവയിൽ നിന്നുള്ള വരുമാനത്തിന്റെ 33 ശതമാനവും ഇതിൽ ഉൾപ്പെടും എന്നും സൂചനകളുണ്ട്.
അടുത്ത വർഷം ആഗസ്റ്റ് 15നാണ് പുഷ്പ 2 റിലീസ് ചെയ്യുന്നത്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. ബൻവാർ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനെയാണ് ചിത്രത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്.
ആര്യ, ആര്യ 2 എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സുകുമാർ-അല്ലു അർജുൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് പുഷ്പ ഫ്രാഞ്ചൈസിയിലാണ്. മൈത്രി മൂവി മേക്കേഴ്‌സാണ് നിർമ്മാണം. ദേവി ശ്രീ പ്രസാദ് ആണ് സംഗീതസംവിധാനം.