കുസാറ്റ് അപകടം; പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരം; ഇന്ന് അവധി, പരീക്ഷകൾ മാറ്റി

ടെക്ഫെസ്റ്റ് ദുരന്തത്തില്‍ ജീവൻ നഷ്ടമായ വിദ്യാർഥികൾക്ക് ഇന്ന് കുസാറ്റ് സര്‍വകലാശാല ആദരാഞ്ജലികള്‍ അര്‍പ്പിക്കും. രാവിലെ പത്തരയ്ക്ക് സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസിന്‍റെ ഓഡിറ്റോറിയത്തിലാണ് അനുശോചന യോഗം ചേരുക. വിദ്യാർഥികളുടെ മരണത്തിൽ അനുശോചനം അർപ്പിക്കാനായി ഇന്ന് കുസാറ്റ് സർവകലാശാലക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ പരീക്ഷകളും മാറ്റിവച്ചു.

സർവകലാശാലയിലുണ്ടായ അപ്രതീക്ഷിത ദുരന്തം അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള മൂന്നംഗ സിന്‍ഡിക്കേറ്റ് ഉപസമിതിയും ഇന്ന് രാവിലെ യോഗം ചേരും. സിന്‍ഡിക്കേറ്റ് അംഗം കെ കെ കൃഷ്ണകുമാര്‍, മാത്തമാറ്റിക്സ് പ്രൊഫസര്‍ ശശി ഗോപാലന്‍, യൂത്ത് വെല്‍ഫെയര്‍ ഡയറക്ടര്‍ പി കെ ബേബി എന്നിവര്‍ അടങ്ങുന്നതാണ് സമിതി. ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുഴുവന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെയും യോഗവും വിളിച്ചിട്ടുണ്ട്.

കളമശ്ശേരി മെഡിക്കൽ കോളജിൽ മൂന്ന് പേർ ഐ.സി.യുവിലും 32 പേർ വാർഡിലുമായി ചികിത്സയിലുണ്ട്. ആസ്റ്ററിൽ രണ്ട് പേർ ഐ.സി.യുവിലുണ്ട്. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. കിൻഡർ ആശുപത്രിയിൽ ചികിത്സ തേടിയ 18 പേരിൽ 16 പേരെയും ഡിസ്ചാർജ് ചെയ്തു.