സ്വര്‍ണം വന്‍ കുതിപ്പില്‍; സര്‍വകാല റെക്കോര്‍ഡ് വില; ഇന്നത്തെ നിരക്ക് അറിയാം

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്. സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിച്ച സ്വര്‍ണം സാധാരണക്കാര്‍ക്ക് അപ്രാപ്യമായ നിരക്കിലെത്തി. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 45880 രൂപയാണ്. കഴിഞ്ഞ ദിവസത്തെ വിലയേക്കാള്‍ 200 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 5735 രൂപയിലെത്തി. ഈ മാസം ഏറ്റവും കുറഞ്ഞ സ്വര്‍ണവില രേഖപ്പെടുത്തിയത് 13നായിരുന്നു. 44360 രൂപയാണ് അന്ന് ഒരു പവന് ഈടാക്കിയിരുന്നത്. പിന്നീട് ഘട്ടങ്ങളായി ഉയര്‍ന്ന് ഏറ്റവും കൂടിയ വിലയിലെത്തിയിരിക്കുകയാണ്.

ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നതിനുള്ള മൊത്തം ചെലവ് അര ലക്ഷത്തില്‍ എത്തുമെന്നാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്. വരും ദിവസങ്ങളിലും വില വര്‍ധിക്കാന്‍ തന്നെയാണ് സാധ്യത.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് 1520 രൂപയുടെ വര്‍ധനവാണ് ഇന്ന് സ്വര്‍ണവിലയിലുള്ളത്. വലിയ കുറവിലേക്ക് പോയിരുന്ന സ്വര്‍ണം പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് തിരിച്ചുകയറാന്‍ തുടങ്ങിയത്. ഇപ്പോള്‍ റെക്കോര്‍ഡ് വിലയിലേക്ക് എത്തിയിരിക്കുന്നു. ഡോളറിന്റെ മൂല്യം തകരുന്നതും സ്വര്‍ണത്തിന്റെ വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്.