തമിഴ്നാട്ടിലെ കൊലക്കേസ് പ്രതികളെ ചങ്ങനാശേരി നിന്ന് പിടികൂടി

തമിഴ്നാട്ടിലെ കൊലപാതക കേസിലെ പ്രതികളായ രണ്ടുപേരെ പോലീസ് പിടികൂടി. തമിഴ്നാട് സ്വദേശികളായ മാരിയപ്പൻ, ഇയാളുടെ മകൻ ലണ്ടൻ ദുരൈകുട്ടി എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഇരുവരും തമിഴ്നാട് അംബാസമുദ്രം പാപ്പക്കുടി സ്റ്റേഷനിലെ കൊലപാതക കേസിലെ പ്രതികളാണ്. സംഭവത്തിനു പിന്നാലെ ഇരുവരും തമിഴ്നാട്ടിലെ കോടതിയിൽ നിന്നും ജാമ്യം എടുത്ത ശേഷം ഒളിവിൽ പോവുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ എത്തിയ ഇവർ പലസ്ഥലങ്ങളിലും മാറിമാറി താമസിച്ച് ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.. ഇതിനിടയിൽ ഇവർ ചങ്ങനാശ്ശേരിയിൽ എത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് ചങ്ങനാശ്ശേരി പോലീസ് നടത്തിയ തിരച്ചിലിലാണ് ഇരുവരും പോലീസിന്റെ പിടിയിലാവുന്നത്. തുടർന്ന് ഇവരെ പാപ്പക്കുടി പോലീസിന് കൈമാറി.