മാടമ്പിയുടെ യാത്ര പുരോഗമിക്കുമ്പോൾ നാട് സാധാരണക്കാരൻറെ ശവപ്പറമ്പ് ആകുന്നു: രാഹുൽ മാങ്കൂട്ടത്തിൽ.

കൊച്ചി: കേരളം സാധാരണക്കാരന്റ ശവപ്പറമ്പ് ആവുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ജപ്തി ഭീഷണിയെ തുടർന്ന് കണ്ണൂരിലെ ക്ഷീര കർഷകന്റെ ആത്മഹത്യയിലാണ് വിമർശനം. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്നത് മാടമ്പി യാത്രയാണെന്നും രാഹുൽ വിമർശിച്ചു. മാടമ്പി സദസ്സിന് എന്തുകൊണ്ടാണ് ക്ഷീര കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയാത്തതെന്നും യാത്രയുടെ ഗുണം എന്താണെന്നും രാഹുൽ ചോദിക്കുന്നു.

രാജാമണി സ്വദേശി എംആർ ആൽബർട്ടിനെയാണ് ഇന്ന് പുലർച്ചെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് വന്നതിന് പിന്നാലെ കടുത്ത നിരാശയിലായിരുന്നു ആൽബർട്ടെന്ന് കുടുംബവും ആരോപിക്കുന്നു. ചൊവ്വാഴ്ചയാണ് ലോൺ തിരിച്ചടക്കേണ്ട അവസാന ദിവസം. കുടുംബശ്രീയിൽ നിന്ന് ലോൺ എടുത്ത് തിരിച്ചടവിന് ശ്രമിച്ചിരുന്നു. എന്നാൽ, ലോൺ ലഭിക്കാത്തതിനാൽ തിരിച്ചടവ് നടന്നില്ല. 25 വർഷത്തോളം ക്ഷീരസഹകരണ സംഘം പ്രസിഡന്റ് ആയിരുന്നു ആൽബർട്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

മാടമ്പിത്തമ്പുരാന്റെ യാത്ര കണ്ണൂര് പിന്നിട്ട് 4 ദിവസം പിന്നിടുമ്പോഴാണ് മാടമ്പിയുടെ ജില്ലയിലെ തന്നെ M.R ആൽബർട്ട് എന്ന ക്ഷീരകർഷകൻ ജപ്തി നോട്ടീസ് കിട്ടിയതിന്റെ പശ്ചാത്തലത്തിൽ ആത്മഹത്യ ചെയ്യുന്നത്.

കൊളസ്‌ട്രോൾ കുറയ്ക്കാനുള്ള മന്ത്രിമാരുടെ പ്രഭാത നടത്തവും മാടമ്പി വിജയന്റെ ലൈറ്റ് & സൗണ്ട് ഷോയ്ക്കും വിജയൻ സേനയുടെ രക്ഷാപ്രവർത്തനങ്ങൾക്കുമപ്പുറം എന്താണ് മാടമ്പി യാത്രയുടെ ഗുണം?

എന്തുകൊണ്ടാണ് ആൽബർട്ട് അടക്കമുള്ള ക്ഷീര കർഷകർക്ക് അവരുടെ സർക്കാർ അവകാശങ്ങൾ ലഭിക്കാത്തതിനെ പറ്റി മാടമ്പി സദസ്സിൽ പരാതി പറയാൻ തോന്നാതിരുന്നത്?

എന്തു കൊണ്ടാകാം മാടമ്പി സദസ്സിന് ക്ഷീരകർഷകരുടെയടക്കമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ കഴിയാത്തത്?

മാടമ്പിയുടെ യാത്ര പുരോഗമിക്കുമ്പോൾ, നാട് സാധാരണക്കാരന്റെ ശവപ്പറമ്പ് ആകുന്നു..