പാർലമെന്റ് ശീതകാല സമ്മേളനം ഡിസംബർ നാലു മുതൽ 22 വരെ നടക്കും

പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ നാലു മുതൽ ഡിസംബർ 22 വരെ നടക്കും. ഇതു സംബന്ധിച്ച് സർക്കാരിന് വേണ്ടി പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ഡിസംബർ രണ്ടിന് രാവിലെ 11 മണിക്ക് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. സെഷൻ ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പാണ് സർവകക്ഷിയോഗം വിളിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഡിസംബർ മൂന്നിന് അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഒരു ദിവസം നേരത്തെ നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. നിർണായക ബില്ലുകൾ പാസാക്കാൻ സർക്കാർ ഉദ്ദേശിക്കുന്ന ഈ സമ്മേളനത്തിൽ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വലിയ സ്വാധീനം ചെലുത്തും.

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരായ ‘ചോദ്യത്തിന് കൈക്കൂലി’ ആരോപണങ്ങളെക്കുറിച്ചുള്ള എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ട് പാർലമെന്റിന്റെ ഈ ശീതകാല സമ്മേളനത്തിൽ ലോക്സഭയിൽ അവതരിപ്പിക്കും. സമിതി ശുപാർശ ചെയ്യുന്ന പുറത്താക്കൽ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് സഭ റിപ്പോർട്ട് അംഗീകരിക്കേണ്ടതുണ്ട്. ഇതേ തുടർന്നാണ് സഭയിൽ അവതരിപ്പിക്കുന്നത്.

കൂടാതെ, ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി), ക്രിമിനൽ നടപടി ചട്ടം (സിആർപിസി), എവിഡൻസ് ആക്റ്റ് എന്നിവയ്ക്ക് പകരമായി ലക്ഷ്യമിടുന്ന മൂന്ന് സുപ്രധാന ബില്ലുകൾ ചർച്ച ചെയ്തേക്കും. ഇതു സംബന്ധിച്ച് മൂന്ന് റിപ്പോർട്ടുകൾ സ്റ്റാൻഡിംഗ് കമ്മിറ്റി ഇതിനകം തന്നെ അംഗീകരിച്ചിട്ടുണ്ട്.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും നിയമനവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ കെട്ടിക്കിടക്കുന്നതാണ് മറ്റൊരു പ്രധാന ബിൽ.

മൺസൂൺ സെഷനിൽ അവതരിപ്പിച്ച, പ്രതിപക്ഷത്തിന്റെയും മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ബിൽ പാസാക്കാൻ സർക്കാർ ശ്രമിച്ചില്ല. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണരുടെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും പദവി മന്ത്രിസഭയുടേതിന് തുല്യമായി കൊണ്ടുവരുന്നതാണ് ബിൽ. നിലവിൽ സുപ്രീം കോടതി ജഡ്ജി പദവിയാണ് ഇവർ അനുഭവിക്കുന്നത്.