സിപിഐ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് പന്ന്യൻ രവീന്ദ്രന്റെ മകൻ. ശീതീകരിച്ച മുറികളിൽ നിന്നിറങ്ങി വന്ന് തട്ട് കടക്ക് മുന്നിൽ നിന്നും സെൽഫി എടുത്ത് സ്വയം നന്മമരമായി മാറുന്നവരല്ല എം എൻ സ്മാരകത്തിന് ലാളിത്യത്തിന്റെ മുഖം നൽകേണ്ടതെന്ന് രൂപേഷ് പന്ന്യൻ ഫേസ്ബുക്കില്‍ കുറിച്ചു.
കോടികളുടെ ആഘോഷമല്ല, കുടിലുകളിലെ ആനന്ദമാണ് വലുതെന്ന് തിരിച്ചറിയുന്നവർ അന്തേവാസികളായ ഒരു എം എൻ സ്മാരകമാണ് സാധാരണക്കാരന്റെ പതിരില്ലാത്ത സ്വപ്നം. പ്രമുഖരെ കാണാനല്ല പാർട്ടിയുണ്ടാക്കിയതെന്നും രൂപേഷ് കുറിച്ചു.
Fb Postന്റെ പൂർണ രൂപം:
എം.എൻ സ്മാരകത്തിന് ഏച്ചുകെട്ടില്ലാത്ത ലാളിത്യവും.. മുഴച്ചു നിൽക്കാത്ത ഭംഗിയും വന്നു ചേർന്നത് അവിടെ നിന്നും ഇറങ്ങി വരുന്ന മന്ത്രി വാഹനങ്ങൾ കണ്ടല്ല …
വെളിയത്തിന്റെയും പി.കെ.വിയുടെയും ചന്ദ്രപ്പന്റേയുമൊക്കെ ജീവനുള്ള ഓർമ്മകൾ പേറുന്ന ഇടമായതു കൊണ്ടാണ് ….
വെളിയവും പി.കെ വി യും ചന്ദ്രപ്പനുമൊക്കെ വരച്ചു കാണിച്ച ലാളിത്യവും നൈർമ്മല്യവും ആഡംബരമില്ലായ്മയും
വാൻ ഗോഗിന്റെയും ഡാവിഞ്ചിയുടേയും ചിത്രങ്ങൾ പോലെ വെറുതെ കണ്ടാസ്വദിച്ച് ആഡംബരത്തിലലിഞ്ഞു
ചേരുമ്പോൾ ചിതലരിക്കുന്നത്
എം എൻ സ്മാരകത്തിന്റെ കൽചുമരുകൾക്ക് മാത്രമല്ല… സാധാരണ സഖാക്കളുടെ പ്രതീക്ഷകൾക്കു കൂടിയാണ്…
ശീതീകരിച്ച മുറികളിൽ കഴിയുന്നവരുടെ ക്ഷേമങ്ങൾക്ക് വേണ്ടിയാണ് കമ്മ്യൂണിസ്റ്റായതെങ്കിൽ കൃഷ്ണപിള്ളയ്ക്കൊരിക്കലും കൂടിലിൽ നിന്നും പാമ്പു കടിയേറ്റ് മരിക്കേണ്ടി വരില്ലായിരുന്നു…
ശീതീകരിച്ച മുറികളില്ലാത്ത അക്കാലത്തെ നേതാക്കളായി ഇന്നിന്റെ നേതാക്കൾ മാറണമെന്ന് ചിന്തിക്കുന്നവരല്ല സാധാരണ ജനങ്ങൾ …
പക്ഷെ
കൃഷ്ണ പിള്ളയെയും മറ്റും കണ്ട് കമ്യൂണിസ്റ്റായ വെളിയവും
പി കെ വിയും ചന്ദ്രപ്പനുമൊക്കെ യാത്ര പറഞ്ഞിട്ട് അധികമായില്ലെന്ന ഓർമ്മകൾ ഇല്ലാതാകുന്നിടത്താണ്
പ്രമാണിമാരും പൗര പ്രമുഖരും പിറവി എടുക്കുന്നത്…
അരപട്ടിണിക്കാരായ സാധാരണക്കാരുടെ കൂടി നികുതി പണത്തിനാൽ ശീതീകരിച്ച മുറികളിൽ വിരുന്നുണ്ണാനെത്തുന്ന പ്രമാണിമാരെയും പൗരപ്രമുഖരെയും കണ്ട് കോൾമയിർ കൊള്ളുന്ന ഒരു പുതിയ ലോകത്തിനായല്ല
പാറപ്പുറത്തെ മണൽ തരികൾക്ക് മുകളിൽ ചുവപ്പിന്റെ ആദ്യ തിരശ്ശീല ഉയർന്നത് ….
പ്രളയകാലത്തും ദുരന്ത കാലത്തും പട്ടിണി മറന്ന് ആടിനെ വിറ്റ കാശ് നാടിന് കൊടുത്ത സുബൈദ മുതൽ നൗഷാദ് വരെയുള്ളവർ മനുഷ്യരെ പ്രണയിച്ചപ്പോൾ…. സ്വന്തം സമ്പാദ്യങ്ങൾ കൈവിടാത്തവർ പ്രമാണിമാരും പൗര പ്രമുഖരുമായി നികുതി പണത്തിന്റെ പൊലിമയിൽ മറ്റൊരു ലോകം പണിയുമ്പോൾ ചിതലരിക്കാൻ പോലും പ്രതീഷകളില്ലാത്ത നിഴലായി മാറുകയാണ് സാധാരണക്കാർ …
‘ അധികാരം’ എന്ന
നാലക്ഷരത്തിന്
‘ആഡംബരം’ എന്ന നാലക്ഷരം അകമ്പടി ചേരുമ്പോൾ
ദുരിത കാലവും ദുരന്ത കാലവും ഏതെന്ന് തിരിച്ചറിയാനാവാതെ എം.എൻ സ്മാരകം നോക്കി…
പോയ കാലത്തെ ഓർമ്മകൾ തുന്നി കെട്ടുകയാണ് സാധാരണക്കാർ …
ശീതീകരിച്ച മുറികളിൽ നിന്നിറങ്ങി വന്ന് തട്ടുകടക്ക് മുന്നിൽ നിന്നും സെൽഫി എടുത്ത് സ്വയം നന്മമരമായി മാറുന്നവരല്ല
എം എൻ സ്മാരകത്തിന് ലാളിത്യത്തിന്റെ മുഖം നല്കേണ്ടത് …
സന്യാസി ആയി കമ്മ്യൂണിസ്റ്റായ
വെളിയം ഭാർഗ്ഗവൻ ജീവിച്ച ഇടമാണിതെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ്….
വീട്ടിലൊരു എം.പി ഉണ്ടായിരുന്നത് കൊണ്ട് എം.പി ആയാൽ ആഗ്രഹിക്കാതെ വന്നു ചേരുന്ന സൗഭാഗ്യങ്ങളെ കുറിച്ച് നന്നായറിയാം …
പക്ഷെ സാധാരണക്കാരന്റെ വിയർപ്പിൽ നെയ്ത ഉടുപ്പാണ്
എം പി സ്ഥാനവും എം എൽ എ സ്ഥാനവും
എന്നത് മറക്കുമ്പോൾ… പ്രമാണിമാരും പ്രമുഖരുമല്ലാത്തവർ
മുഖമില്ലാത്ത വെറും മനുഷ്യർ മാത്രമായി തീരും ….
മുഖമില്ലാത്ത ആ മനുഷ്യർക്ക് മുന്നിൽ മുഖം തിരിക്കാത്ത ഒര് എം.എൻ സ്മാരകം ….
കോടികളുടെ ആഘോഷമല്ല
കുടിലുകളിലെ ആനന്ദമാണ്
വലുത് എന്നു
തിരിച്ചറിയുന്നവർ അന്തേവാസികളായ ഒരു എം എൻ
സ്മാരകം അതാണ്
സാധാരണക്കാരന്റെ പതിരില്ലാത്ത സ്വപ്നം ….
(തുറന്നെഴുതലുകൾ ഒറ്റപ്പെടുത്താം…പക്ഷെ ഒറ്റപ്പെടലുകൾക്കിടയിലും പതിരില്ലാതെ പറഞ്ഞ് കൊണ്ടേയിരിക്കണം …)