ജനസദസിലേക്ക് വീണ്ടും സ്കൂൾ ബസുകൾ; ഹൈക്കോടതി സ്റ്റേ ഉത്തരവിന് പുല്ലുവില; അധ്യാപകർ നിർബന്ധമായും പങ്കെടുക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി

ഹൈക്കോടതിയെ വെല്ലുവിളിച്ച് സർക്കാർ. നവകേരള സദസ്സിലേക്ക് ആളുകളെ കൊണ്ടുപോകാൻ സ്കൂൾ ബസുകൾ ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവാണ് സർക്കാർ ലംഘിച്ചത്. വിലക്ക് മറികടന്ന് പൊന്നാനിയിൽ ജനസദസിലേക്ക് ആളുകളെ എത്തിക്കാൻ സംഘാടകർ സ്കൂൾ ബസുകൾ വ്യാപകമായി ഉപയോഗിച്ചു.

പൊന്നാനി ഹാർബർ ഗ്രൗണ്ടിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിലേക്ക് പാർട്ടി പ്രവർത്തകരേയും, അനുഭാവികളെയും എത്തിച്ചത് സ്കൂൾ വാഹനങ്ങളിൽ. മുപ്പതോളം സ്കൂൾ ബസ്സുകളാണ് ഇതിനായി സംഘാടകർ ഉപയോഗിച്ചത്. നവകേരള സദസിലേക്ക് ആളുകളെ എത്തിക്കാന്‍ സംഘാടക സമിതി അവശ്യപ്പെട്ടാല്‍ സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് നേരത്തെ വലിയ വിവാദത്തിന് വഴിവച്ചിരുന്നു. ഇതിന് പിന്നാലെ കാസർക്കോട് ഒരു രക്ഷിതാവ് ഹൈക്കോടതിയെ സമീപിച്ചു. വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്കോടതി സ്റ്റേ ചെയ്തു. ഇതിന് പിന്നാലെയാണ് പരിപാടിയിലേക്ക് ആളുകളെയെത്തിക്കാൻ വീണ്ടും സ്കൂൾ ബസ്സുകൾ ഉപയോഗിച്ചിരിക്കുന്നത്.

കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിന്‍വലിക്കുമെന്നും സര്‍ക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

വട്ടംകുളം പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവും വിവാദത്തിൽ.

പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ്

നവകേരളാ സദസിൽ നിർബന്ധമായും പങ്കെടുക്കണമെന്ന ഉത്തരവിറക്കി വട്ടംകുളം പഞ്ചായത്ത് സെക്രട്ടറി. സർക്കാർ, എയ്‌ഡഡ്‌ സ്‌കൂൾ അധ്യാപകരും ജീവനക്കാരും നിർബന്ധമായും പരിപാടിയിൽ പങ്കെടുക്കണമെന്നാണ് സെക്രട്ടറിയുടെ ഉത്തരവ്. ഈ ഉത്തരവ് കർശനമായി പാലിക്കണമെന്നും വട്ടംകുളം പഞ്ചായത്ത് സെക്രട്ടറി നിർദ്ദേശിച്ചിട്ടുണ്ട്. മുഴുവൻ സമയ പങ്കാളിത്തം വേണമെന്നും നിർദ്ദേശമുണ്ട്. തവനൂർ നിയമസഭാ മണ്ഡലം നവകേരളാ സദസിൽ പങ്കെടുക്കുന്നതിനാണ് ഉത്തരവ് നൽകിയത്.