ഹാർദിക് മുംബൈയിലേക്ക് തന്നെ; എല്ലാ അഭ്യൂഹങ്ങൾക്കും വിരാമം

മുംബൈ: ഡിസംബർ 19-ന് നടക്കുന്ന ഐപിഎൽ 2024 സീസണിന്റെ താരലേലത്തിന് മുമ്പുള്ള താരക്കൈമാറ്റത്തിന്റെ അവസാന ദിനം ട്വിസ്റ്റുകൾ തുടരുന്നു. ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ മുൻ ടീമായ മുംബൈ ഇന്ത്യൻസ് ട്രേഡിങ്ങിലൂടെ സ്വന്തമാക്കിയതായാണ് ഏറ്റവും പുതിയ വിവരം. നേരത്തേ ഹാർദിക് പുതിയ സീസണിൽ മുംബൈ ഇന്ത്യൻസിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾക്കിടെ അദ്ദേഹത്തെ ഗുജറാത്ത് ടൈറ്റൻസ് നിലനിർത്തിയതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ക്രിക്ബസ് പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം ഹാർദിക്കിനെ മുംബൈ സ്വന്തമാക്കിയതായാണ് റിപ്പോർട്ട്.

താരലേലത്തിനു മുമ്പ് ഫ്രാഞ്ചൈസികൾക്ക് കളിക്കാരെ നിലനിർത്താനുള്ള അവസാന തീയതി ഞായറാഴ്ചയായിരുന്നു. സമയപരിധി അവസാനിച്ച് ഏതാനും മണിക്കൂറിന് ശേഷമാണ് ടീമുകൾ തമ്മിൽ ഹാർദിക്കിന്റെ കാര്യത്തിൽ ധാരണയിലെത്തിയതെന്നാണ് റിപ്പോർട്ട്. ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ ആർസിബിക്ക് നൽകിയാണ് മുംബൈ ഹാർദിക്കിനെ ടീമിലെത്തിച്ചത്. ഡിസംബർ 12 വരെ ഫ്രാഞ്ചൈസികൾക്ക് പരസ്പരം താരങ്ങളെ വിൽക്കുകയും വാങ്ങുകയുമാകാം. പൂർണമായും പണംകൊടുത്താണ് ഹാർദിക്കിന്റെയും ഗ്രീനിന്റെയും കൈമാറ്റമെന്നും റിപ്പോർട്ടിൽ പറയുന്നു.

ദിവസങ്ങൾക്കു മുമ്പാണ് ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റൻ കൂടിയായ ഹാർദിക് പാണ്ഡ്യ ടീം വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്. താരക്കൈമാറ്റവുമായി ബന്ധപ്പെട്ട് ഗുജറാത്തുമായി മുംബൈ ഇന്ത്യൻസ് മാനേജ്‌മെന്റ് ചർച്ച നടത്തിയെന്നും താരത്തിനായി 15 കോടി രൂപ മുംബൈ ഓഫർ ചെയ്തെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.