ഉത്തരകാശിയിൽ തുടരുന്ന രക്ഷാദൗത്യം; നവംബർ 12 മുതൽ കുടുങ്ങികിടക്കുന്ന 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

ഉത്തരകാശി: ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ നവംബർ 12 മുതൽ കുടുങ്ങികിടക്കുന്ന 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ മൂന്ന് ആഴ്ച പിന്നിട്ടതോടെ വെർട്ടിക്കൽ ഡ്രില്ലിംഗ് ആരംഭിച്ചു. രക്ഷാപ്രവർത്തനം വേഗത്തിലാക്കുന്നതിന് അമേരിക്കൻ നിർമ്മിത ഓഗർ ഡ്രില്ലിംഗ് മെഷീന്റെ തകർന്ന ഭാഗങ്ങൾ നന്നാക്കാനുള്ള ശ്രമങ്ങൾ നടക്കുകയും സമാന്തരമായി ഒരു തുരങ്കം നിർമ്മിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

കൂടാതെ ആറ് രക്ഷാപ്രവർത്തന പദ്ധതികൾ നിലവിലുണ്ടെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻഡിഎംഎ) അംഗം ലഫ്റ്റനന്റ് ജനറൽ (റിട്ട) സയ്യിദ് അത്താ ഹസ്നൈൻ പറഞ്ഞു,

“രക്ഷാ പ്രവർത്തനങ്ങൾ നിർത്തിവച്ചിട്ടില്ല, ആറ് പദ്ധതികൾ സമന്വയിപ്പിച്ച് കൊണ്ടാണ് മുന്നേറുന്നത്. അറ്റകുറ്റപ്പണികൾ ഇപ്പോഴും തുടരുകയാണ്.”- അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ആരംഭിച്ച വെർട്ടിക്കൽ ഡ്രില്ലിംഗാണ് രണ്ടാമത്തെ മികച്ച ഓപ്ഷൻ.

അത് ഞായറാഴ്ച ഉച്ചയോടെ ആരംഭിച്ചതായും 15 മീറ്റർ ഡ്രില്ലിംഗ് ഇതിനകം പൂർത്തിയായതായും ഹസ്‌നൈൻ പറഞ്ഞു. 86 മീറ്റർ വെർട്ടിക്കൽ ഡ്രില്ലിംഗിന് ശേഷം തുരങ്കത്തിന്റെ പുറംതോട് പൊളിക്കേണ്ടിവരുമെന്നും അതിനാൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെടുക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.