ഓരോ നിയമലംഘനത്തിനും 5000 രൂപ പിഴ; കടുപ്പിച്ച് എംവിഡി

ലേസർ ലൈറ്റ് ഘടിപ്പിക്കൽ ഉൾപ്പെടെയുള്ള വാഹനങ്ങളിലെ അനധികൃത രൂപമാറ്റങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് കർശന നടപടിക്കൊരുങ്ങുന്നു. ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ കൃത്യമായ നടപടിയെടുക്കാൻ കഴിഞ്ഞ മാസവും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ശബരിമല തീർത്ഥാടന കാലമായതിനാൽ അപകടങ്ങൾ ഒഴിവാക്കാൻ കൂടിയാണ് മോട്ടാർ വാഹന വകുപ്പ് ഇപ്പോൾ നടപടികൾ കടുപ്പിക്കുന്നത്.

രൂപമാറ്റം വരുത്തുകയും എൽഇഡി ലൈറ്റുകൾ ഫിറ്റ് ചെയ്യുകയും ചെയ്ത വാഹനങ്ങളെ പ്രോത്സാഹിപ്പിച്ച് കൊണ്ട് വീഡിയോകൾ ചെയ്യുന്ന വ്ളോഗർമാർക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടത് കഴിഞ്ഞ മാസമാണ്. രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ഉടമകൾക്കെതിരെ നടപടിയെടുക്കാനും കോടതി ഉത്തരവിട്ടിരുന്നു.

ഇത്തരം രൂപമാറ്റങ്ങൾ യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്. എൽഇഡി ലൈറ്റുകൾ, ലേസർ ലൈറ്റുകൾ, നിയോൺ ലൈറ്റുകൾ എന്നിങ്ങനെയുള്ള ലൈറ്റുകൾ സ്ഥാപിച്ചാൽ 5000 രൂപ പിഴ ഈടാക്കാനാണ് ഉത്തരവ്. ഓരോ കുറ്റത്തിനും പ്രത്യേകം പ്രത്യേകം പിഴ ഈടാക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.