കുട്ടിയെ തിരികെ കിട്ടി.. രാഷ്ട്രീയ പടവെട്ടും തുടങ്ങി.. മാധ്യമങ്ങൾക്ക് കൈയടി

അബിഗേലിനെ കണ്ടെത്തി.. ആരും കണ്ടു പിടിച്ചതല്ല.. തട്ടികൊണ്ടു പോയവർ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പോവുകയായിരുന്നു.

ഉച്ചക്ക് ഒന്നരയോടെ ആശ്രാമം മൈതാനത്ത് മഞ്ഞ ചുരിധാർ ധരിച്ച മുഖത്ത് മാസ്ക് ധരിച്ച ഒരു സ്ത്രീ പെൺകുട്ടിയുമായി ഇരിക്കുന്നതും പിന്നീട് അവർ എണീറ്റ് പോകുന്നതും സമീപത്തുണ്ടായിരുന്ന അജ്ഞന എന്ന വിദ്യാർത്ഥിനി കണ്ടിരുന്നു. ഏറെ നേരത്തിനുശേഷവും സ്ത്രീയെ കാണാത്തതുകൊണ്ട് അഞ്ജന കുട്ടിയുടെ അടുത്തെത്തി.. അങ്ങനെ അബി ഗേലിനെ തിരിച്ചറിഞ്ഞു.. പിന്നാലെ സമീപത്തുണ്ടായിരുന്നവരെ വിളിച്ചറിയിച്ചു… ആളുകൾ കൂടി.. കുട്ടിയുടെ ഫോട്ടോ നോക്കി സ്ഥിരീകരിച്ചു. പിന്നാലെ പോലീസിനെ അറിയിച്ചു.. പോലീസെത്തി കുട്ടിയെ ഏറ്റുവാങ്ങി..

21 മണിക്കൂറുകളോളം അബിഗേലിനായി മലയാളക്കര ഒന്നടങ്കം പ്രാർത്ഥനയിലായിരുന്നു.. ഇതിനിടെ പോലീസിനെതിരെ നാട്ടുകാരിൽ ഒരു സംഘം തിരിഞ്ഞിരുന്നു. പഴുതടച്ചുള്ള അന്വേഷണം എന്ന് പറഞ്ഞിരുന്നെങ്കിലും കൊല്ലം നഗരത്തിൽ പലയിടത്തും പോലീസ് പരിശോധന ഉണ്ടായില്ല എന്നതായിരുന്നു പ്രധാന ആരോപണം. പൂയപ്പള്ളി പോലീസ് സ്റ്റേഷൻ മുന്നിൽ യൂത്ത് കോൺഗ്രസ് കുത്തിയിരുന്ന് സമരം നടത്തി. എന്നാൽ ഈ സംഭവത്തിൽ കെബി ഗണേഷ് കുമാർ എം എൽ എ രൂക്ഷ വിമർശനം നടത്തി. എന്നാൽ മുൻ ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ കടുത്ത ഭാഷയിലാണ് പോലീസിന്റെ വീഴ്ചയെ ചുളിക്കാട്ടിയത്. എൻ കെ പ്രേമചന്ദ്രൻ എംപിയും പോലീസിന്റെ വിഴ്ചയിൽ പലതും പറയാനുണ്ടെന്ന് പറഞ്ഞു.

മാധ്യമങ്ങളുടെ ഇടപെടലിൽ എല്ലാവരും നന്ദി അറിയിച്ചു. കുട്ടിയെ തട്ടികൊണ്ടു പോയ സംഭവത്തിൽ തുടക്കം മുതൽ പ്രതികളെ പിടികൂടാനായും കുട്ടിയെരക്ഷിക്കാനായും മാധ്യമ പ്രവർത്തകർ ജാഗ്രതയോടെ ഇടപെടൽ നടത്തിയിരുന്നു. പ്രതികൾ കുട്ടിയെ ഉപേക്ഷിക്കേണ്ട രീതിയിൽ എത്തിയ സാഹചര്യത്തിലേക്ക് നയിച്ചതും മാധ്യമ ഇടപെടൽ ഒന്നുകൊണ്ടാണ് എന്നും നാട്ടുകാർ ഒരേ സ്വരത്തിൽ പറഞ്ഞു.

കുട്ടിയെ കിട്ടിയതിൽ മാതാപിതാക്കൾക്കും കേരളത്തിനാകെയും ആശ്വാസമായി. എന്നാൽ തട്ടികൊണ്ടു പോയവരെ ഇനിയും പിടികൂടാനായിട്ടില്ല. അവർ ആരൊക്കെ ? ലക്ഷ്യം എന്തായിരുന്നു? ഉപേക്ഷിക്കാൻ കാരണം എന്ത്? തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഒപ്പം സംഭവത്തിന് പിന്നിലെ നിഗൂഢത പുറത്തുവരണം.