രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കരുത്: ബിനോയി വിശ്വം

രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കരുതെന്ന് സിപിഐ നേതാവും എംപിയുമായ ബിനോയി വിശ്വം. സിപിഐ വയനാട് ജില്ലാ കൗൺസിൽ ഓഫീസ് ഉദ്ഘാടനത്തിന്റെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതു ശത്രുവിനെതിരെ ഒന്നിച്ച് പോരാടണമെന്നും രാഹുൽ ഗാന്ധി മത്സരിക്കേണ്ടത് ഉത്തരേന്ത്യയിലാണെന്നും ബിനോയി വിശ്വം പറഞ്ഞു. ഇന്ത്യ സഖ്യത്തിന്റെ നിലനിൽപ്പിന് കോൺഗ്രസ് രാഷ്ട്രീയ വിശാലത കാണിക്കണമെന്നും സഖ്യത്തിന്റെ കെട്ടുറപ്പിന് രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കരുതെന്നും ബിനോയി വിശ്വം എംപി. അദ്ദേഹം മത്സരിക്കേണ്ടത് ഉത്തരേന്ത്യയിലാണ്. രാജ്യത്തിന്റെ രാഷ്ട്രീയം തീരുമാനിക്കുന്നത് ഉത്തരേന്ത്യയാണ്. രാഷ്ട്രീയ മത്സരവേദി ഉത്തരേന്ത്യയാണെന്ന് കോൺഗ്രസ് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.