എസ്എഫ്ഐ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോതി റദ്ദാക്കി. കെഎസ്‍യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. കേരളവർമ്മ കോളജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ റീ കൗണ്ടിങിനും ഹൈക്കോടതി ഉത്തരവിട്ടു.
നാല് പതിറ്റാണ്ടായി എസ്എഫ്ഐ കോട്ടയായിരുന്ന കേരള വർമ്മ കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള എസ്എഫ്ഐ വിജയം വോട്ടെണ്ണല്‍ അട്ടിമറിച്ചെന്നാണ് കെഎസ്‍യു ഉയര്‍ത്തുന്ന ആരോപണം. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പില്‍ കൗണ്ടിങ് പൂര്‍ത്തിയായപ്പോള്‍ കെഎസ്‍യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചിരുന്നു. എന്നാല്‍, റീ കൗണ്ടിംങ്ങിൽ എസ്എഫ്ഐ സ്ഥാനാര്‍ത്ഥിയാണ് 11 വോട്ടുകള്‍ക്ക് വിജയിച്ചത്.
കേരള വർമ്മ കോളജ് തെരഞ്ഞെടുപ്പിൽ അസാധുവോട്ടുകൾ വർധിക്കുകയും നോട്ട വോട്ടുകൾ കുറയുകയും ചെയ്‌തതെങ്ങനെയെന്ന് ഹൈക്കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. കോളേജ് തിരഞ്ഞെടുപ്പിന്റെ അസൽ രേഖകൾ സമർപ്പിക്കാൻ റിട്ടേണിംഗ് ഓഫീസറോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. ഇതിന് ശേഷമാണ് കേസിൽ വിധി പറഞ്ഞത്.
റിട്ടേണിംഗ് ഓഫീസർക്ക് വീണ്ടും വോട്ടെണ്ണൽ സംബന്ധിച്ച് തീരുമാനമെടുക്കാമായിരുന്ന സാഹചര്യത്തിൽ കോർ കമ്മിറ്റി രൂപീകരിക്കുന്നതിലെ യുക്തിയെക്കുറിച്ചും ജസ്റ്റിസ് ടി ആർ രവി ചോദിച്ചു. കോർ കമ്മിറ്റി അംഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടാത്ത കോളജ് പ്രിൻസിപ്പൽ എന്തിനാണ് രേഖയിൽ ഒപ്പിട്ടതെന്നും കോടതി ചോദിച്ചു.
നവംബർ ഒന്നിന്, കാഴ്ചയില്ലാത്ത അവസാന വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായ ശ്രീക്കുട്ടൻ കേരള വർമ്മ കോളേജ് തെരഞ്ഞെടുപ്പിൽ 896 വോട്ടുകൾ നേടി ഒറ്റ ബാലറ്റിന് വിജയിച്ചിരുന്നു. എന്നാൽ, വീണ്ടും വോട്ടെണ്ണണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടിരുന്നു. നവംബർ രണ്ടിന് നടന്ന വോട്ടെണ്ണലിൽ എസ്എഫ്‌ഐ സ്ഥാനാർത്ഥി അനിരുദ്ധൻ 11 വോട്ടിന് വിജയിച്ചു. തങ്ങൾക്ക് അനുകൂലമായ വോട്ടുകൾ മറിച്ചിടാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് എസ്എഫ്‌ഐ വിജയമെന്നായിരുന്നു കെഎസ്‌യുവിന്റെ ആരോപണം.
ഇടത് അധ്യാപക സംഘടനാ അനുകൂലികളുടെ പിന്തുണയോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നുവെന്നാണ് കെഎസ്‍യു ഉയര്‍ത്തിയ ആരോപണം. മന്ത്രി ആര്‍ ബിന്ദുവും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ ഇടപെട്ടെന്നും കെഎസ്‍യു കുറ്റപ്പെടുത്തിയിരുന്നു.