അബിഗേല്‍ സാറയെ തെരഞ്ഞ് കേരളം; 6 വയസുകാരിയെ കാണാതായിട്ട് 15 മണിക്കൂര്‍, തെരച്ചിൽ ഊര്‍ജിതം; ഒരു പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു; 10 മണിക്ക് അടുത്ത ഫോൺ സന്ദേശം പ്രതീക്ഷിച്ച് കുടുംബം; 3 പേർ കസ്റ്റഡിയിൽ

കൊല്ലം പൂയപ്പള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിക്കായി വ്യാപക തെരച്ചിൽ നടത്തി പൊലീസും നാട്ടുകാരും. സംസ്ഥാനത്തൊട്ടാകെയും കൊല്ലം ജില്ലയുടെ ഉൾപ്രദേശങ്ങളിലും നടത്തിയ വിശദമായ പരിശോധനയിലും കുട്ടിയെ കണ്ടെത്താനായില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽപ്പെട്ട ഒരു പുരുഷന്റെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പാരിപ്പള്ളിയിലെ കടയിലെത്തിയ ആളുടെ രേഖ ചിത്രമാണ് പുറത്തുവിട്ടത്. തട്ടിക്കൊണ്ടുപോകുന്ന സമയത്തെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു.

ചിത്രത്തിലുള്ള ആള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീയുടെയും മറ്റൊരു പുരുഷന്റെയും മുഖം വ്യക്തമായിരുന്നില്ലെന്ന് കടയുടമയും നാട്ടുകാരനായ ഒരാളും പൊലീസിന് മൊഴി നല്‍കിയിരുന്നു. കടയില്‍ എത്തിയ പുരുഷനെ കണ്ടാല്‍ തിരിച്ചറിയുമെന്ന് കടയുടമയായ സ്ത്രീ നേരത്തെ പറഞ്ഞിരുന്നു.

ഈ ശബ്ദത്തിനുടമയെ അറിയുന്നവർ ഉടൻ പോലീസുമായി ബന്ധപ്പെടുക:

ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽവെച്ചാണ് 6 വയസുകാരി അബിഗേൽ സാറയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് സംഘം ഫോണും വിളിച്ചിരുന്നു. രാവിലെ 10 മണിക്കകം പണം തയ്യാറാക്കി വയ്ക്കണമെന്നായിരുന്നു നിർദേശം. പാരിപ്പള്ളിയിലെ ഒരു കടയിലെത്തിയ സംഘം കടയുടമയുടെ ഫോൺ വാങ്ങിയാണ് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്.

അതിനിടെ 3 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ശ്രീകാര്യം, ശ്രീകണ്ഠേശ്വരം എന്നിവിടങ്ങളിൽ നിന്നാണ് പോലീസ് സംശയിക്കുന്ന 3 പേരെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശധമായി ചോദ്യം ചെയ്തു വരുന്നു.