സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയവർക്കായുള്ള രക്ഷാദൗത്യം; ഉടൻ രക്ഷിക്കാമെന്ന് പ്രതീക്ഷ – മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി

ഡെറാഡൂൺ: സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാദൗത്യം ഉടൻ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. എഞ്ചിനീയർമാരും വിദഗ്ധരും എല്ലാ ശക്തിയും ഉപയോഗിച്ച് പ്രവർത്തിക്കുകയാണ്. മുകളിൽ നിന്നുള്ള ഡ്രില്ലിംഗ്, ആകെയുള്ള 86 മീറ്ററിൽ 52 മീറ്റർ പിന്നിട്ടു. തൊഴിലാളികളെല്ലാം സുരക്ഷിതരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ബന്ധുക്കളോട് വസ്ത്രങ്ങളും മറ്റും തയ്യാറാക്കി വെക്കാൻ നിർദേശിച്ചിട്ടുണ്ട്. തൊഴിലാളികളെ പുറത്തെത്തിച്ച ശേഷം ചിന്യാലിസൗർ ആശുപത്രിയിലേക്ക് കൊണ്ടുപോകും. രക്ഷാ ദൗത്യം പൂർത്തിയാക്കാൻ 50 മണിക്കൂർ കൂടി വേണ്ടി വന്നേക്കുമെന്നാണ് അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം.

തിരശ്ചീനമായി ഡ്രില്ലിംഗ് തുടങ്ങിയെങ്കിലും മെഷീൻ ഭാഗം തുരങ്കത്തിൽ കുടുങ്ങിയതോടെ ആ ദൗത്യം നിർത്തിവെക്കേണ്ടി വന്നിരുന്നു. ഇതോടെയാണ് കഴിഞ്ഞ ദിവസം മുകളിൽ നിന്ന് ഡ്രിൽ ചെയ്യാൻ തീരുമാനിച്ചത്. ഇത് കൂടാതെ മറ്റ് നാല് മാർഗങ്ങൾ കൂടി രക്ഷാദൌത്യ സംഘം തയ്യാറാക്കിയിരുന്നു.