ബിഗ് സല്യൂട്ട്; സിൽക്യാര രക്ഷാദൗത്യം വിജയകരം; 41 പേരും പുറത്തെത്തി; തുരങ്കത്തിനു പുറത്ത് ആഹ്ലാദാരവങ്ങളോടെ സ്വീകരിച്ചു

സിൽക്യാര തുരങ്കത്തിനുള്ളിൽ കുടുങ്ങിയ മുഴുവൻ തൊഴിലാളികളെയും ദൗത്യസംഘം പുറത്തെത്തിച്ചു. ടണലിന് അകത്തേക്ക് പ്രവേശിച്ച് തൊഴിലാളികൾ ഓരോരുത്തരെയും പുറത്തെത്തിക്കുകയായിരുന്നു.

ദേശീയ, സംസ്ഥാന ദുരന്തനിരവാരണ സേനാംഗങ്ങൾ സ്ഥലത്തുണ്ടായിരുന്നു. പ്രാഥമിക വൈദ്യസഹായം ലഭ്യമാക്കുന്നതിന് ടണലിനുള്ളിൽ തന്നെ സൗകര്യം ഒരുക്കിയിരുന്നു.

തൊഴിലാളികൾ പുറത്തെത്തിയതോടെ തുരങ്കത്തിനു പുറത്ത് ആഹ്ലാദാരവങ്ങൾ ഉയർന്നു. പ്രദേശവാസികൾ മധുരം പങ്കുവച്ചും ആഹ്ലാദം പങ്കുവച്ചു. സ്ട്രെച്ചറുകളുമായി ദുരന്തനിവാരണ സേനാംഗങ്ങൾ തുരങ്കത്തിന് അകത്തേക്കു കയറിയതിനു പിന്നാലെയാണ് ഓരോരുത്തരെയായി പുറത്തെത്തിച്ചത്. സ്ട്രെച്ചറുകളിൽ എത്തിച്ചശേഷം ആംബുലൻസിലാണ് തൊഴിലാളികളെ പുറത്തേക്കു കൊണ്ടുവന്നത്. രക്ഷപ്പെടുത്തുന്നവർക്ക് പ്രാഥമിക ചികിത്സ നൽകാനായി തുരങ്കത്തിനകത്ത് തന്നെ താത്ക്കാലിക ചികിത്സാ കേന്ദ്രം സജ്ജമാക്കിയിരുന്നു.

മെഡിക്കല്‍ പരിശോധന നടത്തിയശേഷം തൊഴിലാളികളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. തുരങ്കത്തിൽ കുടുങ്ങിയവരുടെ ബന്ധുക്കളോടു തയാറായിരിക്കാൻ രക്ഷാപ്രവർത്തകർ നിർദേശം നൽകിയിരുന്നു. കുഴലിൽ വെള്ളിയാഴ്ച കുടുങ്ങിയ ഡ്രില്ലിങ് യന്ത്രം ഇന്നലെ രാവിലെ പുറത്തെടുക്കാൻ സാധിച്ചതാണ് ദൗത്യത്തിനു പുതുജീവനേകിയത്. പിന്നാലെ കുഴലിലൂടെ നിരങ്ങിനീങ്ങിയ രക്ഷാപ്രവർത്തകർ തുരങ്കത്തിൽ അടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിലെ ഇരുമ്പും സ്റ്റീൽ പാളികളും ഗ്യാസ് കട്ടർ ഉപയോഗിച്ചു നീക്കം ചെയ്യാൻ തുടങ്ങി.‌

രക്ഷാദൗത്യത്തിന്റെ അവസാന ഘട്ടത്തില്‍ യന്ത്രങ്ങളില്ലാതെ മനുഷ്യര്‍ നടത്തിയ തുരക്കലിലൂടെയാണ് (റാറ്റ് ഹോൾ മൈനിംഗ്) തൊഴിലാളികള്‍ക്ക് സമീപത്തേക്ക് എത്താനായത്. ഇതിനൊപ്പം തുരങ്കത്തിന് മുകളില്‍ നിന്ന് കുത്തനെ തുരന്ന് മറ്റൊരു രക്ഷാമാര്‍ഗവും തുറന്നിരുന്നു. അപകടം നടന്ന് 16 ദിവസങ്ങള്‍ക്ക് ശേഷമാണ് തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. നവംബര്‍ 12ന് ദീപാവലി ദിവസമാണ് തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങിയത്. അന്നു മുതല്‍ ഒരുനിമിഷം ഇടവേളയില്ലാതെ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവിലാണ് 41 പേര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്.

അമേരിക്കന്‍ നിമിത ഓഗര്‍ മെഷീന്‍ ഉപയോഗിച്ചാണ് അതീവ ദുഷ്‌കരമായിരുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ നിര്‍ണായക ഘട്ടം പൂര്‍ത്തിയാക്കിയത്. എന്നാല്‍ ദിവസങ്ങള്‍ക്കകം ഓഗര്‍ മെഷീന്‍ തകരാറായി. ഇതോടെയാണ് യന്ത്രസഹായത്തോടെയുള്ള ഡ്രില്ലിങ്ങിന് പുറമെ റാറ്റ് ഹോള്‍ മൈനിങ് സ്വീകരിച്ചത്. ഇത് കൂടാതെയാണ് വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്ങും നടത്തിയത്.

തൊഴിലാളികള്‍ കുടുങ്ങിയ ഉടന്‍ തന്നെ ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്ന്, ഓക്‌സിജന്‍ എന്നിവ എത്തിക്കാന്‍ സാധിച്ചിരുന്നു. ആറ് ഇഞ്ച് വ്യാസമുള്ള പൈപ്പ് അകത്ത് കടത്തിയാണ് ഇവ എത്തിച്ചത്. കൂടാതെ ഇവര്‍ക്ക് രക്ഷാപ്രവര്‍ത്തകരും കുടുബാംഗങ്ങളുമായി സംസാരിക്കാനുള്ള സംവിധാനങ്ങളടക്കം ഈ പൈപ്പ് വഴി ഒരുക്കിയിരുന്നു. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, ബിആര്‍ഒ, ചാര്‍ധാം പദ്ധതി നടപ്പാക്കുന്ന എന്‍എച്ച്ഐഡിസിഎല്‍, ഐടിബിപി, സൈന്യം തുടങ്ങി നിരവധി സംഘങ്ങൾ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കിയത്.

ചാര്‍ധാം പദ്ധതിയുടെ ഭാഗമായി ദേശീയപാത 134ല്‍ നിര്‍മിക്കുന്ന നാലരകിലോമീറ്റര്‍ നീളമുള്ള തുരങ്കമാണ് സില്‍കാരയിലെത്. 1119.69 കോടി രൂപയാണ് തുരങ്കത്തിന്റെ നിർമാണ ചെലവ്. ഭൂമി ഏറ്റെടുക്കലും പുനരധിവാസവും ഉള്‍പ്പെടെ കണക്കാക്കുമ്പോള്‍ ആകെ ചെലവ് 1383.78 കോടി രൂപയാകും. നാല് വര്‍ഷമാണ് നിര്‍മാണ കാലാവധി.

17 ദിവസം നീണ്ട രക്ഷാദൗത്യമാണ് കടുത്ത വെല്ലുവിളികൾക്കൊടുവിൽ വിജയകരമായി പൂർത്തിയായത്. രക്ഷാദൗത്യസംഘത്തിന്റെ രാപ്പകലില്ലാതെയുള്ള ഏകോപനവും 41 തൊഴിലാളികളുടെ അസാമാന്യ മനക്കരുത്തും ഫലം കാണുകയായിരുന്നു. റാറ്റ്-ഹോൾ മൈനിംഗ് വിദഗ്ധരാണ് അവിശിഷ്ടങ്ങൾക്കിടയിലൂടെ തുരക്കാൻ നേതൃത്വം നൽകിയത്.