സംസ്ഥാനത്ത് കേൾവിക്കുറവ് ഉള്ളവരിൽ 80 % പേരും തിരിച്ചറിയുന്നില്ല; ഹെഡ്‌സെറ്റുകളുടെ അമിത ഉപയോഗം കേൾവിക്കുറവിലേക്ക് വഴിതെളിക്കുന്നു

ഇന്ന് ലോക കേൾവി ദിനം: ‘മാറുന്ന ചിന്താഗതികൾ; എല്ലാവർക്കും ചെവിയും ശ്രവണ പരിചരണവും യാഥാർത്ഥ്യമാക്കാം’ ഈ വർഷത്തെ കേൾവിദിനത്തിലെ പ്രമേയം

ഇന്ന് ലോക കേൾവി ദിനം കടന്നുപോകുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് അധികൃതർക്ക് പറയാനുള്ളത്. യുവാക്കളിൽ കേൾ വിക്കുറവ് സാധാരണമാവുകയാണ്. ഈ രംഗത്ത് പഠനം നടത്തിയ ഡോക്ട‌ർമാരുടെ അനൗദ്യോഗിക കണ ക്കെടുപ്പുപ്രകാരം അഞ്ച് വർഷത്തിനുള്ളിൽ കേൾവിക്കുറവുള്ളവരുടെ എണ്ണത്തിൽ 25 ശതമാനം വർധനയാണുള്ളത്. നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കുപ്രകാരം കേരളത്തില്‍ ഒരു ലക്ഷത്തില്‍ 453 പേര്‍ സാരമായ കേള്‍വി വൈകല്യത്തിന്റെ കഷ്ടതകള്‍ അനുഭവിക്കുന്നു.

60 വയസിനു താഴെയുള്ളവരാണ് പ്രധാനമായും ഈ വെല്ലുവിളി നേരിടുന്നത്. ഹെഡ്‌സെറ്റുകളുടെ അമിത ഉപയോഗമാണ് കേൾവിക്കുറവിലേക്ക് വഴിതെളിക്കുന്നത്. ഹെഡ്സെറ്റിന്റെ ശബ്ദതോതിന്റെ 60ശതമാനം മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നൽകുന്നു. 

കേരളത്തിലെ യുവാക്കളിൽ ഭൂരിഭാഗവുമാകട്ടെ 75ശതമാനം ശബ്ദത്തിലാണ് ഹെഡ്സെറ്റ് ഉപയോഗിക്കുന്നത്. ഹെഡ്സെറ്റ് ഉപ യോഗം കൂടുമ്പോൾ ചെവിയിലെ ഞരമ്പുകൾക്കു തകരാറ് സംഭവിക്കുന്നു. കേരളത്തിൽ കേൾവിക്കുറവ് ഉള്ളവരിൽ 80ശതമാനം പേരും അതു തിരിച്ചറിയുന്നില്ലെന്ന് അധികൃതർ പറഞ്ഞു.

ശ്രവണസഹായി (ഹിയറിങ് എയ്‌ഡ്) വിതരണത്തിനു ദേശീയ തലത്തിൽ പദ്ധതി തയാറാക്കണമെന്നു ലോകാരോഗ്യ സംഘടന അംഗരാജ്യങ്ങളോടു നിർദേശിച്ചിരിക്കയാണ്. ലോകമാകെ 40 കോടിയിൽപരം ആളുകൾക്കു ശ്രവണ വൈകല്യമുണ്ട്. ഇതിൽ 17ശതമാനമാളുകൾക്കു മാത്രമാണു ശ്രവണസഹായി ലഭിച്ചിട്ടുള്ളുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 

കേൾവിക്കുറവ് പരിഹരിക്കാൻ ശ്രദ്ധിക്കേണ്ടത്…

കുഞ്ഞുങ്ങളുടെ കേൾവി നഷ്ടത്തിന് കാരണമാകുന്ന റുബെല്ലയിൽ നിന്ന് സംരക്ഷണം നൽകാൻ ഗർഭിണിയായിരിക്കുന്ന സമയത്ത് പെൺകുട്ടികൾക്കും സ്ത്രീകൾക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകുക.

ചെവികൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. പൊടി, വെള്ളം എന്നിവ ചെവിയിൽ അടിഞ്ഞുകൂടാതിരിക്കാൻ ശ്രദ്ധിക്കുക. തീപ്പെട്ടി, പെൻസിൽ, പിന്നുകൾ എന്നിവ ഉപയോ​ഗിച്ച് ചെവികൾ വൃത്തിയാക്കരുത്.

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ചെവി വൃത്തിയാക്കാൻ എണ്ണയോ മറ്റേതെങ്കിലും ദ്രാവകമോ ചെവിക്കുള്ളിൽ ഒഴിക്കരുത്. 

ചെവിയിൽ അണുബാധ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വൃത്തിഹീനമായ വെള്ളത്തിൽ നീന്തരുത്. 

ചെവി വൃത്തിയാക്കാൻ വൃത്തിഹീനമായ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് അണുബാധയ്ക്ക് കാരണമാകും.

വലിയ ശബ്ദമുള്ള സ്ഥലങ്ങളിലാണ് ജോലി ചെയ്യുന്നതെങ്കിൽ ഇയർ പ്രൊട്ടക്ടറുകളോ ഇയർപ്ലഗുകളോ ഉപയോഗിക്കുക.

ചെവിക്കുള്ളിലെ അഴുക്കും പൊടിയും പുറത്തുകളയാനുള്ള ചെവിയുടെ സ്വാഭാവികമായ ശുചീകരണ പ്രക്രിയയാണ് ചെവിക്കായം.സാധാരണഗതിയിൽ ചെവിക്കായം തനിയെ പുറത്തു പോകും. ബഡ്സ് ചെവിയിലേക്ക് കയറ്റുമ്പോൾ ചെവിക്കായം കൂടൂതൽ ഉള്ളിലേക്ക് കയറി പോകാൻ സാധ്യതയുണ്ട്.