ഓൺലൈനിൽ ഐ-ഫോൺ 15 ഓർഡർ ചെയ്തപ്പോൾ കിട്ടിയത് ‘വ്യാജൻ’; പരാതിയുമായി ഇൻഫ്ളുവൻസർ

ആമസോണിൽ നിന്നും ഐഫോൺ 15 ഓർ‍ഡ‍ർ ചെയ്ത് പറ്റിക്കപ്പെട്ട അനുഭവം പങ്കുവെച്ച് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ഗബ്ബാർ സിങ്ങ്. സോഷ്യൽ മീഡിയയിൽ 1.5 മില്യൻ ഫോളോവേഴ്സാണ് ഗബ്ബാർ സിങ്ങിനുള്ളത്. അതുകൊണ്ടു തന്നെ, ഇദ്ദേഹത്തിന്റെ പോസ്റ്റ് പെട്ടെന്നു തന്നെ വൈറലാകുകയും ചെയ്തു. ആമസോണിൽ നിന്നും ലഭിച്ച ‘വ്യാജ’ ഐഫോണിന്റെ ചിത്രം സഹിതം ആയിരുന്നു പോസ്റ്റ്.

ഗബ്ബാർ സിങ്ങ് X പോസ്റ്റ്

“ആമസോണിൽ നിന്നും എനിക്കു ലഭിച്ചത് ഒരു വ്യാജ ഐഫോൺ 15 ആണ്. അപ്പാരിയോ (Appario) ആണ് ഇതിന്റെ സെല്ലർ. ഈ ഫോൺ വന്ന പെട്ടിയിൽ കേബിൾ പോലുമില്ല. ആരെങ്കിലും സമാനമായ പ്രശ്നം നേരിട്ടിട്ടുണ്ടോ?”, എന്നായിരുന്നു ഗബ്ബാർ സിങ്ങ് പോസ്റ്റിൽ ചോദിച്ചത്.

ഗബ്ബാർ സിങ്ങിന്റെ എക്സ് പോസ്റ്റ് വൈറലായതിനു പിന്നാലെ ഇതിനു താഴെ പ്രതികരണവുമായി ആമസോൺ തന്നെ നേരിട്ട് രംഗത്തെത്തി. “നിങ്ങൾക്ക് കേടായ ഉത്പന്നമാണ് ലഭിച്ചതെന്ന് അറിഞ്ഞതിൽ ഞങ്ങൾ ഖേദിക്കുന്നു. ദയവായി ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഞങ്ങൾ നൽകുന്ന ലിങ്ക് വഴി പൂരിപ്പിക്കുക. ഞങ്ങൾ ഉറപ്പായും നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും. 12 മണിക്കൂറിനുള്ളിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതും ആയിരിക്കും”, എന്നാണ് ഗബ്ബാർ സിങ്ങിന്റെ പോസ്റ്റിനു താഴെ ആമസോൺ മറുപടിയായി കുറിച്ചത്.

ഗബ്ബാർ സിങ്ങിന്റെ പോസ്റ്റിനു താഴെ ആമസോൺ മറുപടി

തനിക്ക് റീഫണ്ട് തന്നെ വേണം എന്നാണ് ആമസോണിന്റെ മറുപടിക്കു താഴെ ഗബ്ബാർ സിങ്ങ് ആവശ്യപ്പെട്ടത്. ഗബ്ബാർ സിങ്ങിന്റെ പോസ്റ്റിനു താഴെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് മറ്റു ചിലരും രംഗത്തു വന്നിട്ടുണ്ട്.