ഐപിഎല്ലിൽ റെക്കോഡ് സ്‌കോറുമായി ചരിത്രം കുറിച്ച ഹൈദരാബാദിന് 31 റൺസ് വിജയം; ഹാർദിക് പാണ്ഡ്യയുടെ തീരുമാനം പിഴച്ചതോടെ മുംബൈക്ക് രണ്ടാം തോൽവി

Score Board:

ഹൈദരാബാദ് : 277/3

മുംബൈ ഇന്ത്യൻസ്: 246/5

31 റൺസിന് ഹൈദരാബാദ് ജയിച്ചു

Player of the match:അഭിഷേക് ശർമ്മ (ഹൈദരാബാദ്)63 (23)

ഐപിഎല്ലിൽ, ഹൈദരാബാദ് കുറിച്ച റെക്കോഡ് സ്‌കോറിലേക്ക് എത്താനാവാതെ മുംബൈ ഇന്ത്യൻസ് തോൽവി സമ്മതിച്ചു. 31 റൺസിനാണ് ഹൈദരാബാദിന്റെ ജയം.

ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഹൈദരാബാദ് മൂന്നു വിക്കറ്റിന് 277 റൺസാണ് അടിച്ചുകൂട്ടിയത്. ഐപിഎല്ലിൽ റെക്കോഡ് സ്‌കോർ കുറിച്ച സൺറൈസേഴ്‌സ് ഹൈദരാബാദ് നിറഞ്ഞാടി. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിൽ, മുംബൈക്കെതിരെ, ഐപിഎല്ലിന്റെ 11 വർഷ ചരിത്രത്തിലെ റെക്കോഡ് സ്‌കോറാണ് സൺറൈസേഴ്‌സ് തകർത്തത്. മുംബൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു.

ടി-20 യിൽ ഏറ്റവും കൂടുതൽ റൺസ് മാത്രമല്ല, ഏറ്റവും കൂടുതൽ സിക്‌സുകൾ പിറന്ന മത്സരം കൂടിയായിരുന്നു. അവസാനഘട്ടത്തിൽ മുംബൈക്ക് 6 പന്തിൽ 47 റൺസ് വിജയലക്ഷ്യം എന്ന നിലയിൽ വരെ എത്തി. 2013 ൽ അന്നത്തെ പൂണെ വാരിയേഴ്‌സിന്( ഇപ്പോൾ നിലവിലില്ല) എതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു നേടിയ 5 വിക്കറ്റിന് 263 റൺസ് എന്ന സ്‌കോറാണ് സൺറൈസേഴ്‌സ് മറികടന്നത്.

ആദ്യ പത്ത് ഓവറിൽ തന്നെ ഹൈദരാബാദ് 148 റൺസ് നേടിയിരുന്നു. അതും ഐപിഎൽ റെക്കോർഡാണ്. കുറ്റൻ റൺമലയിലേക്ക് മുംബൈ എത്തിച്ചേരുമെന്ന ഒരുഘട്ടമുണ്ടായെങ്കിലും, ഹൈദരാബാദ് ബൗളർമാർ ഉജ്ജ്വലമായി തിരിച്ചുവന്ന് കളം കീഴടക്കി.

കുറ്റൻ സ്‌കോർ ചെയ്ത മുംബൈയ്ക്ക് വേണ്ടി രോഹിത് ശർമ്മയും ഇഷാൻ കിഷനും മികച്ച തുടക്കമാണ് നൽകിയത്. 13 പന്തിൽ 34 റൺസ് നേടിയ ഇഷാൻ കിഷനെ ഷഹബാസ് അഹ്‌മദ് പുറത്താക്കി. 12 ബോളിൽ 26 റൺസ് നേടി രോഹിതും പുറത്തായി. രോഹിത് കൂറ്റനടികൾക്ക് മുതിർന്നതോടെ, ക്യാപ്റ്റനെ കുമ്മിൻസ് അഭിഷേക് ശർമ്മയുടെ കൈയിലെത്തിക്കുകയായിരുന്നു. 34 പന്തിൽ 64 റൺസ് നേടി വിജയപ്രതീക്ഷ നൽകിയ തിലക് വർമയെ പുറത്താക്കി വീണ്ടും കുമ്മിൻസ് മുംബൈയ്ക്ക് പ്രഹരമേൽപ്പിച്ചു.

അർദ്ധ സെഞ്ച്വറികൾ നേടിയ ട്രാവിസ് ഹെഡ് 62(24), അഭിഷേക് ശർമ്മ 63(23), ഹെയ്ൻ റിച്ച് ക്ലാസൻ 80*(34) എയ്ഡൻ മാർക്രം (28 പന്തിൽ 42) എന്നിവരാണ് മുംബയെ കശാപ്പ് ചെയ്തത്. എയ്ഡൻ മാർക്രം 42*(28) പുറത്താകാതെ നിന്നു. 18 സിക്സറുകളും 19 ഫോറുകളുമാണ് ഹൈദരാബാദ് ബാറ്റർമാർ അടിച്ചെടുത്തത്.

18 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡ്ഡാണ് വെടിക്കെട്ടിന് തുടക്കമിട്ടത്. അഭിഷേക് ശർമ ആ ദൗത്യം ഏറ്റെടുത്ത് തുടർന്നു. 16 പന്തിലാണ് ശർമ 50 റൺസെടുത്തത്. ടൂർണമെന്റിൽ സൺറൈസേഴ്‌സിന്റെ ബാറ്റർ നേടുന്ന വേഗമേറിയ അർദ്ധ സെഞ്ച്വറിയാണിത്. കാണികളെ അമ്പരപ്പിക്കുന്ന പ്രകടനത്തിലൂടെ ഹൈദരാബാദ് ഐപിഎല്ലിലെ ആധിപത്യം ഉറപ്പിച്ചു.