ഇതാണ് ക്യാപ്റ്റൻ: സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയം; ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം

ഐപിഎല്ലിൽ, ഡൽഹി ക്യാപിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസിന് 12 റൺസ് വിജയം. സ്‌കോർ: രാജസ്ഥാൻ: 185-5, ഡൽഹി: 173-5. സഞ്ജു സംസൺ നയിക്കുന്ന രാജസ്ഥാന്റെ സീസണിലെ തുടർച്ചയായ രണ്ടാം ജയമാണിത്. ഋഷഭ് പന്തിന്റെ ഡൽഹിക്ക് രണ്ടാം തോൽവിയും.

റിയാൻ പരാഗിന്റെ തകർപ്പൻ പ്രകടനമാണ് ഡൽഹി ക്യാപിറ്റൽസിന് എതിരെ രാജസ്ഥാൻ റോയൽസിനെ 5 വിക്കറ്റ് നഷ്ടത്തിൽ 185 റൺസിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന രാജസ്ഥാന്റെ രണ്ടുവിക്കറ്റുകൾ തുരുതുരാ വീണു. എന്നാൽ, നിലയുറപ്പിച്ച പരാഗ് 45 പന്തിൽ 84 റൺസെടുത്ത് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. 34 പന്തുകളിൽനിന്ന് അർധ സെഞ്ചുറി പിറന്നു. രവിചന്ദ്രൻ അശ്വിൻ 29 റൺസും, ഷിമ്രോൺ ഹെറ്റ്‌മെയർ 14 ഉം, ധ്രുവ് ജുറെൽ 20 റൺസും നേടി. നായകൻ സഞ്ജു സാംസൺ 14 പന്തിൽ 15 റൺസെടുത്ത് പുറത്തായി.

കഴിഞ്ഞ മൂന്നുസീസണിലും പരാജയമായ പരാഗിന് ഇത് വലിയ തിരിച്ചുവരവാണ്. തുടക്കത്തിൽ ജയ്സ്വാളും സഞ്ജുവും ബട്‌ലറും പുറത്തായതോടെ, പരാഗിന്റെ രംഗപ്രവേശമായി. ആറ് സിക്സും ഏഴ് ഫോറും ചേർന്നതാണ് പരാഗിന്റെ ഇന്നിങ്സ്. ഐ.പി.എല്ലിൽ റിയാൻ പരാഗിന്റെ ഏറ്റവും ഉയർന്ന സ്‌കോറാണിത്.

രാജസ്ഥാൻ കുറിച്ച 186 റൺസ് ലക്ഷ്യമാക്കി ഇറങ്ങിയ ഡൽഹിക്ക് വേണ്ടി ഡേവിഡ് വാർണറും മിച്ചൽ മാർഷും ചേർന്ന് തകർപ്പൻ തുടക്കം നൽകി.