Thalaivar 171: രജനിയെ ലോകേഷ് വാച്ച് മെക്കാനിക്ക് ആക്കുമോ ?

വെങ്കട് പ്രഭു ചിത്രം -ഗോട്ടിലൂടെ പുതിയ അവതാരത്തിനായി ദളപതി തയാറെടുക്കുമ്പോൾ വിക്രമിലൂടെ കമൽഹാസന് വമ്പൻ തിരിച്ചുവരവ് നൽകിയ ലോകേഷ് കനകരാജ് സൂപ്പർ സ്റ്റാർ രജനിക്കൊപ്പം കൈകോർക്കുകയാണ്.

സൺപിക്ചേഴ്സിന്റെ ബാനറിൽ കലാനിധിമാരൻ നിർമ്മിക്കുന്ന തലൈവരുടെ കരിയറിലെ 171-ാം മത് ചിത്രത്തെ കുറിച്ചുള്ള ഒരു വമ്പൻ അപ്ഡേറ്റ് കഴിഞ്ഞ ദിവസം അണിറപ്രവര്‍ത്തകർ പുറത്തുവിട്ടിരുന്നു. സിനിമയുടെ ടൈറ്റിൽ ഈ വരുന്ന ഏപ്രിൽ 22-ന് പ്രഖ്യാപിക്കുമെന്നാണ് നിർമാതാക്കളും സംവിധായകൻ ലോകേഷ് കനകരാജും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് ഒരു പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

പുറത്തുവന്ന പോസ്റ്ററിലെ രജനികാന്തിന്റെ ലുക്കിലാണ് ആരാധകരുടെ കണ്ണുടക്കിയത്. ലിയോയിൽ വിജയിയെ കോഫി ഷോപ്പ് ഉടമയായ പാര്‍ത്ഥിപനായും ലിയോ ദാസ് എന്ന അധോലോക നായകനായും അവതരിപ്പിച്ച ലോകേഷ് രജനിയെ ഏത് വേഷത്തിലാകും അവതരിപ്പിക്കുക എന്ന ചര്‍ച്ചയും ചൂട് പിടിച്ചുകഴിഞ്ഞു. സംഗീത സംവിധായകനായി അനിരുദ്ധിനെയും ആക്ഷൻ ഡയറക്ടേഴ്സായി അന്‍പ് അറിവിനെയും തെരഞ്ഞെടുത്തതോടെ പടം ഒരു മാസ് ആക്ഷൻ സിനിമയായിരിക്കും എന്ന് ഉറപ്പാണ്.

സ്വർണനിറമുള്ള ഫ്രെയിമുള്ള ഗ്ലാസ് ധരിച്ച്, ചിരിച്ചുകൊണ്ടിരിക്കുന്ന രജനിയാണ് പോസ്റ്ററിലുള്ളത്. ചുരുട്ടിപ്പിടിച്ച രണ്ട് കൈകളും വിലങ്ങെന്നപോലെ സ്വർണവാച്ചുകൾകൊണ്ട് ബന്ധിച്ചിരിക്കുന്നതായും കാണാം. സിനിമയിൽ രജനിക്ക് വാച്ചുകളുമായി ബന്ധമുള്ള ഒരു ജോലിയാകും എന്നാണ് ഒരു കൂട്ടരുടെ വാദം. അതുമല്ല സിനിമയിൽ രജനിക്ക് ഡബിൾ റോളാണെന്നും അതിൽ ഒരു ലുക്ക് മാത്രമാണ് ഇതെന്നും വാദിക്കുന്നവരുണ്ട്. എന്തായാലും ഏപ്രിൽ 22ന് പുറത്തുവരുന്ന ടൈറ്റിൽ ടീസറിൽ നിന്ന് സിനിമയെയും രജനിയുടെ കഥാപാത്രത്തെയും കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.