വാദം ബോധിപ്പിക്കാൻ കൂടുതൽ സമയം തേടി ശ്രീറാം വെങ്കിട്ടരാമൻ; ജൂൺ 6 ന് ബോധിപ്പിക്കണമെന്ന് വിചാരണ കോടതി ഉത്തരവ്

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസിലെ പ്രതി ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ തനിക്കെതിരായ കുറ്റം ചുമത്തൽ സംബന്ധിച്ച് വാദം ബോധിപ്പിക്കാൻ വീണ്ടും കൂടുതൽ സമയം തേടി. ശ്രീറാം വെങ്കിട്ടരാമൻ ജൂൺ 6 ന് വാദം ബോധിപ്പിക്കാൻ വിചാരണ കോടതി ഉത്തരവിട്ടു. ശ്രീറാം കോടതിയിൽ ഹാജരാകാതെയാണ് കൂടുതൽ സമയം തേടിയത്. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.പി. അനിൽകുമാറിന്റേതാണ് ഉത്തരവ്.

കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് റിവിഷൻ ഹർജിയുമായി ചെന്ന ശ്രീറാമിന് സുപ്രീംകോടതിയിൽ നിന്നും കനത്ത തിരിച്ചടി ഉണ്ടായ സാഹചര്യത്തിലാണ് പ്രതിയെ വിചാരണക്കായി കോടതി വിളിച്ചു വരുത്തുന്നത്. 2023 ഓഗസ്റ്റ് 25 നാണ് ശ്രീറാം വിചാരണ നേരിടാൻ സുപ്രീം കോടതി ഉത്തരവിട്ടത്. നരഹത്യ കേസ് നിലനിൽക്കില്ലെന്ന വാദം സുപ്രീംകോടതി തള്ളി.

സമാനമായ നിലപാട് നേരത്തെ ഹൈക്കോടതിയും സ്വീകരിച്ചിരുന്നു. ഇതിനെതിരെ ശ്രീറാം വെങ്കിട്ടരാമനായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്. തനിക്കെതിരായി ചുമത്തിയ നരഹത്യാക്കുറ്റം നിലനിൽക്കില്ലെന്നായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥന്റെ വാദം. എന്നാൽ ഇത് അംഗീകരിക്കാൻ അന്ന് സുപ്രീംകോടതി തയ്യാറായില്ല.