‘ഇന്ത്യ’യുടെ ശക്തിപ്രകടനമായി ‘ലോക്തന്ത്ര ബച്ചാവോ’

രാജ്യതലസ്ഥാനത്ത് നടന്ന ‘ലോക്തന്ത്ര ബച്ചാവോ’ മഹാ റാലി ഇന്ത്യ സഖ്യത്തിന് കൂടുതൽ ഊർജം നൽകുമെന്നാവർത്തിച്ച് നേതാക്കൾ. ഇ ഡി അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാളും, ജാർഖണ്ഡ് മുൻമുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്പന സോറനും പരിപാടിയിൽ പങ്കെടുത്തു. കെജ്‌രിവാളിന്റെ സന്ദേശം ഭാര്യ സുനിത വായിച്ചുകൊണ്ടാണ് പരിപാടി ആരംഭിച്ചത്.

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിരത്തിയായിരുന്നു സുനിത കെജ്‌രിവാൾ സംസാരിച്ചത്. പവർ കട്ട് ഇല്ലാതാക്കി കൊണ്ട് 24×7 വൈദ്യുതി ഉറപ്പാക്കും, ഡൽഹിക്ക് സംസ്ഥാന പദവി നൽകും എന്നതടക്കമുള്ള വാഗ്ദാനങ്ങളാണ് സുനിതയുടെ പ്രസംഗത്തിലുണ്ടായിരുന്നത്.

ഭരണഘടന ശില്പിയായ ബിആർ അംബേദ്‌കർ നമുക്ക് നൽകിയ ഉറപ്പുകളാണ് ഇപ്പോൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്ന് കൽപന സോറൻ പറഞ്ഞു. ഇത് ജനങ്ങളെ പരസ്പരം വിഭജിക്കാനുള്ള നീക്കമാണ്. മോദിയുടെ ഗ്യാരന്റി എന്ന ബിജെപി മുദ്രാവാക്യത്തെ പരഹസിച്ച കൽപന, മോദിയുടെ ഗ്യാരണ്ടിക്ക് ആര് ഗ്യാരണ്ടി നൽകും എന്ന് ചോദിച്ചു. ഇന്ത്യയിൽ നിലനിൽക്കുന്ന ഏകാധിപത്യത്തിനെതിരെയാണ് ഈ കൂട്ടായ്മയെന്നും ഇന്ന് ഇവിടെ വന്ന എല്ലാവരും ഇന്ത്യ സഖ്യത്തിന് ശക്തി പകരുമെന്നും കല്പന സോറൻ പറഞ്ഞു.

രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള പ്രധാന പ്രതിപക്ഷ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. നാനൂറ് സീറ്റുകൾ പ്രതീക്ഷിക്കുന്ന നരേന്ദ്രമോദി മാച്ച് ഫിക്സിങ് നടത്തുകയാണെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. തിരഞ്ഞെടുപ്പ് തുടങ്ങുന്നതിനുമുമ്പ് രണ്ട് പ്രതിപക്ഷ നേതാക്കളെ അറസ്റ്റു ചെയ്യുന്നതിലൂടെ പ്രതിപക്ഷം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ല എന്നാണ് അവരുദ്ദേശിക്കുന്നതെന്നും രാഹുൽ പറഞ്ഞു. ഡൽഹിയിലെ രാംലീല മൈതാനത്ത് ‘ഇന്ത്യ’ സഖ്യം ‘ലോക്തന്ത്ര ബച്ചാവോ’ എന്ന പേരിൽ നടത്തുന്ന മഹാ റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

കൈവെള്ളയിലുള്ള കോടീശ്വരന്മാരുടെ ബലത്തിലാണ് മോദി ലോക്സഭ തിരഞ്ഞെടുപ്പിൽ മാച്ച് ഫിക്സിങ് നടത്താൻ ശ്രമിക്കുന്നതെന്നും, അതിന്റെ ഭാഗമാണ് ഇപ്പോൾ നടന്ന അറസ്റ്റുകളെന്നും രാഹുൽ വിമർശിച്ചു. “ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്, നീതിയുക്തം നിങ്ങൾ വോട്ട് ചെയ്തില്ലെങ്കിൽ മാച്ച് ഫിക്സറായിരിക്കും വിജയിക്കുക.” രാഹുൽ പറഞ്ഞു.

കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മാവിപ്പിച്ച സംഭവം ചൂണ്ടിക്കാണിച്ചുകൊണ്ട്, പ്രതിപക്ഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തന്നെ ഇല്ലാതാക്കുകയാണ് നരേന്ദ്രമോദിയുടെ ലക്ഷ്യമെന്ന് രാഹുൽ ആവർത്തിച്ചു. “എന്തുകൊണ്ട് നിങ്ങൾ ഇത് ഇപ്പോൾ ചെയ്യുന്നു? നിങ്ങൾക്ക് ഇത് ആറ് മാസം മുമ്പ് ചെയ്തുകൂടായിരുന്നോ?” രാഹുൽ ചോദിച്ചു

വേദിയിൽ ഇ ഡി അറസ്റ്റു ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാളും, ജാർഖണ്ഡ് മുൻമുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്പന സൊറനുമുണ്ടായിരുന്നു. സുനിത കെജ്‌രിവാൾ ആദ്യം തന്നെ കെജ്‌രിവാൾ എഴുതിയ സന്ദേശം വേദിയിൽ വായിച്ചു. സുനിത കെജ്‌രിവാളിനെയും കൽപന സോറനെയും കൂടാതെ കോൺഗ്രസ് നേതാക്കളായാ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ആർജെഡി നേതാവ് തേജസ്വി യാദവ്, എൻസിപി നേതാവ് ശരദ് പവാർ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ആം ആദ്മി മന്ത്രി അതിഷി സിംഗ് ഉൾപ്പെടെയുള്ളവർ വേദിയിലുണ്ടായിരുന്നു.