ക്ലിഫ് ഹൗസിന് മുന്നിൽ സമരം തുടങ്ങുമെന്ന് ജയപ്രകാശ്; സിദ്ധാർത്ഥനെ മുറിവേൽക്കാതെ ചതച്ച് കൊല്ലാനുള്ള ബുദ്ധി ആർഷോയുടേത്; ആഞ്ഞടിച്ച് സിദ്ധാർത്ഥന്റെ അച്ഛൻ

പൂക്കോട് സിദ്ധാർത്ഥന്റെ മരണത്തിൽ സർക്കാരിനും എസ് എഫ് ഐയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ്. സിബിഐ അന്വേഷണം ആരംഭിച്ചതുമില്ല പൊലീസ് അന്വേഷണം തുടങ്ങിയതുമില്ല. ഭാര്യയുടെ ആരോഗ്യം ശരിയായാൽ ഉടൻ ക്ലിഫ് ഹൗസിന് മുന്നിൽ സമരം തുടങ്ങുമെന്ന് ജയപ്രകാശ് അറിയിച്ചു.

എസ് എഫ് ഐയ്‌ക്കെതിരെ ഗുരുതര ആരോപണവും ഉന്നയിച്ചു. എസ് എഫ് ഐ നേതാവ് ആർഷോയുടെ താവളമാണ് പൂക്കോട്ടെ യൂണിയൻ റൂമെന്നും സിദ്ധാർത്ഥനെ പീഡിപ്പിച്ചതിൽ ആർഷോയ്ക്കും പങ്കുണ്ടെന്നും സിദ്ധാർത്ഥന്റെ അച്ഛൻ പറയുന്നു.മാവോയിസ്റ്റുകളുടെ രീതിയിലാണ് സിദ്ധാർത്ഥനെ മർദ്ദിച്ചത്. സിദ്ധാർത്ഥനെ മർദ്ദിച്ചു കൊന്നതും ആർഷോയുടെ നിർദ്ദേശ പ്രകാരമാണോ എന്ന് സംശയമുണ്ട്.

പൂക്കോട് ആർഷോ സ്ഥിരമായി എത്താറുണ്ട്. തന്റെ മകൻ തന്നെ അതു പറഞ്ഞിട്ടുണ്ട്. യൂണിയൻ പ്രിസഡന്റിന്റെ റൂമിലാണ് ആർഷോ താമസിക്കാറുള്ളത്. ഈ മുറിയിൽ എത്തിച്ച് എട്ടു മാസമാണ് സ്ഥിരമായി സിദ്ധാർത്ഥനെ പീഡിപ്പിച്ചത്. ഒപ്പിടൽ പോലും നടത്തി. എസ് എഫ് ഐയുടെ യൂണിറ്റ് കമ്മറ്റിയുടെ ശിക്ഷ സിദ്ധാർത്ഥൻ നേരിടുമ്പോൾ ആർഷോയും ആ മുറിയിലുണ്ടായിരുന്നു. ഞാൻ പറയുന്നത് ശരിയല്ലെങ്കിൽ ആർഷോയുടെ മൊബൈൽ ടവർ പരിശോധിച്ച് പൊലീസ് ഉറപ്പാക്കണം. ആർഷോ എട്ടുമാസത്തിനിടെ എത്ര തവണ പൂക്കോട് ഉണ്ടായിരുന്നുവെന്ന് അപ്പോൾ മനസ്സിലാകുമെന്നും അച്ഛൻ പറഞ്ഞു.

സിബിഐയ്ക്ക് നൽകിയത് തട്ടിക്കൂട്ട് റിപ്പോർട്ട്. വെറുമൊരു സംശയ്തതിന്റെ പേരിലുള്ളതാണ് ആരോപണം എന്നും അതിൽ പറയുന്നു. അതുകൊണ്ട് തന്നെ സിബിഐ അന്വേഷണം എന്താകുമെന്ന് അറിയില്ല. സിബിഐ അന്വേഷണം ഏറ്റെടുക്കുന്നതു വരെ അന്വേഷണവുമായി മുമ്പോട്ട് പോകേണ്ട ഉത്തരവാദിത്തം പൊലീസിനുണ്ട്. എന്തുകൊണ്ടാണ് പൊലീസ് അന്വേഷണം അവസാനിപ്പിച്ചതെന്ന ചോദ്യമാണ് സിദ്ധാർത്ഥന്റെ അച്ഛൻ ചോദിക്കുന്നത്.

സിദ്ധാർത്ഥനെതിരെ വ്യാജ പരാതി നൽകിയ പെൺകുട്ടിയുടെ അമ്മ കമ്മീഷണറോഫീസിലെ ജീവനക്കാരിയാണ്. വെറ്റിനറി സർവ്വകലാശാലയിലെ വിസിയുടെ പ്രൈവറ്റ് സെക്രട്ടറിയായ ഷീബ സ്വന്തം മകനെ രക്ഷിക്കാൻ നടത്തിയ കള്ളക്കളിയും പുറത്തു വന്നു. എന്നിട്ടും ഷീബയ്‌ക്കെതിരെ ആരും നടപടി എടുത്തില്ല.

വ്യാജ പരാതി നൽകിയ പെൺകുട്ടിക്കെതിരേയും മർദ്ദനം കണ്ടു രസിച്ച രണ്ട് പെൺകുട്ടികൾക്കെതിരേയും അന്വേഷണം വേണം. എല്ലാ ഒത്താശയും ചെയ്ത ആർഷോയേയും പ്രതിയാക്കണം. ഇതിന് വേണ്ടി സമരം ചെയ്യുമെന്നും സിദ്ധാർത്ഥന്റെ അച്ഛൻ പറഞ്ഞു. സർക്കാർ എല്ലാ അർത്ഥത്തിലും ചതിച്ചെന്നും ജയപ്രകാശ് കൂട്ടിച്ചേർത്തു.

സിദ്ധാർത്ഥന്റെ മരണത്തിന്റെ 41-ാം ദിവസമായിരുന്നു ഇന്ന്. ചടങ്ങുകൾക്ക് ശേഷമാണ് അതിരൂക്ഷ പ്രതികരണവുമായി ജയപ്രകാശ് എത്തിയത്. അന്വേഷണ വീഴ്ചകൾ എണ്ണിയെണ്ണി പറയുകയാണ് ജയപ്രകാശ്. ഗവർണർ പുതുതായി നിയോഗിച്ച അന്വേഷണ കമ്മീഷനിൽ വിശ്വാസമുണ്ടെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു.