കണ്ണൂരിൽ വേനൽ ചൂടിനെ അവഗണിച്ച് ഓടി നടന്ന് കെ സുധാകരൻ; എ കെ ജിക്ക് ശേഷം പാർലമെന്റിലെത്താൻ മത്സരിക്കുന്ന പെരളശേരിക്കാരനായ എം വി ജയരാജൻ

കണ്ണൂരിൽ കൊടും ചൂടിനെ അവഗണിച്ചു കൊണ്ടു പ്രായം മറന്ന പോരാട്ടവീര്യവുമായി മുന്നണി സ്ഥാനാർത്ഥികൾ. ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ ഇക്കുറി നടക്കുന്നത്. പ്രായം വെറും നമ്പറാണെന്ന് തെളിയിച്ചു കൊണ്ടു സിറ്റിങ് എംപി കെ. സുധാകരൻ സിപിഎം പാർട്ടി ഗ്രാമങ്ങളിൽ പോലും ആവേശം സൃഷ്ടിക്കുമ്പോൾ പരമ്പരാഗത യു.ഡി.എഫ് കേന്ദ്രങ്ങളിൽ കടന്നു കയറി ഇടതു തരംഗമുണ്ടാക്കുകയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി ജയരാജൻ.

തങ്ങളുടെ വോട്ടുറപ്പിച്ചു കൊണ്ട് നിശബ്ദമായി കോൺഗ്രസ് – സിപിഎം കേന്ദ്രങ്ങളിൽ മോദി ഗ്യാരന്റി മുദ്രാവാക്യം ഉയർത്തി വോട്ടു സമാഹരിക്കാനുള്ള അതിതീവ്രമായ ശ്രമമാണ് എൻ.ഡി.എ സ്ഥാനാർത്ഥി സി. രഘുനാഥ് ചെയ്യുന്നത് ശക്തമായ ത്രികോണ മത്സരത്തിന്റെ പ്രതീതി സൃഷ്ടിക്കാൻ സി രഘുനാഥിന് കഴിഞ്ഞിട്ടുണ്ട്.

അണികളിലും പ്രവർത്തകരിലും തെരഞ്ഞെടുപ്പ് ആവേശം വാനോളം ഉയർത്തിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരന്റെ കണ്ണൂർ മണ്ഡലത്തിലെ പര്യടനം പുരോഗമിക്കുന്നത്. സ്വീകരണ സ്ഥലങ്ങളിൽ വലിയ സ്വീകാര്യതയാണ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിക്കുന്നത്. ആയിരകണക്കിന് യൂഡിഎഫ് പ്രവർത്തകരുടെ അകമ്പടിയോടെയാണ് സ്ഥാനാർത്ഥി പര്യടനം പുരോഗമിക്കുന്നത്.

എ.കെ.ജിക്ക് ശേഷം പാർലമെന്റിലെത്താൻ മത്സരിക്കുന്ന മറ്റൊരു പെരളശേരിക്കാരനായ എം.വി ജയരാജൻ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. 1962 ൽ എകെജിയും ഫാദർ വടക്കനും ചേർന്ന് നടത്തിയ ഭൂസംരക്ഷണ
സമരത്തിന്റെ ഓർമ്മകൾ ഇന്നും കർഷകർക്കുണ്ട്. ഓരോ കേന്ദ്രത്തിലും നൂറ് കണക്കിനാളുകളാണ് എത്തിച്ചേർന്നത്.എൻ.ഡി.എ സ്ഥാനാർത്ഥി സി രഘുനാഥ് പ്രചാരണ രംഗത്ത് സജീവമാണ്.