കടമെടുപ്പ്: കേരളത്തിന്റെ ഹർജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു; കൂടുതൽ കടമെടുക്കാൻ അനുമതിയില്ല

കേരളത്തിന്റെ കടമെടുപ്പുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിന്റെ പ്രധാന ഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു സുപ്രീംകോടതി. അതേസമയം കൂടുതൽ തുക കടമെടുക്കാൻ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ഈ ആവശ്യം സുപ്രിംകോടതി തള്ളി. വിഷയം പരിശോധിക്കുമ്പോൾ കേന്ദ്രസർക്കാരിന്റെ വാദങ്ങൾക്കാണ് മുൻതൂക്കമെന്നാണ് കോടതിയുടെ വിലയിരുത്തൽ.

ഭരണഘടനയുടെ 293ാം അനുച്ഛേദം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്ന് കോടതി. വിഷയത്തിൽ വാദം പൂർത്തിയാക്കിയിരുന്നു. 2023-24 സാമ്പത്തിക വർഷത്തെ കടമെടുപ്പു പരിധി ഉയർത്താനുള്ള വിഷയത്തിൽ കോടതി നിർദ്ദേശം അനുസരിച്ചു ചർച്ച നടന്നിരുന്നുവെങ്കിലും കേന്ദ്രവും സംസ്ഥാനവും തമ്മിൽ ധാരണയായിരുന്നില്ല. കേരളത്തിന് ഇളവുനൽകിയാൽ മറ്റു സംസ്ഥാനങ്ങളും സമാന ആവശ്യമുയർത്തുമെന്നായിരുന്നു വിഷയത്തിൽ കേന്ദ്രത്തിന്റെ വാദം.

ഈ സാമ്പത്തികവർഷം അവസാനിക്കുന്നതിന് മുൻപ് ഇടക്കാല ഉത്തരവ് വേണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാൽ പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യദിനമാണ് ഹർജിയിൽ ഉത്തരവ് എത്തുന്നത്.

അടുത്ത സാമ്പത്തികവർഷത്തെ പരിധിയിൽ കുറയ്ക്കുമെന്നതുൾപ്പെടെയുള്ള വ്യവസ്ഥയിൽ 5,000 കോടി അനുവദിക്കാമെന്നായിരുന്നു കേന്ദ്രനിലപാട്. മറ്റു സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മാനദണ്ഡങ്ങൾക്കു വിരുദ്ധമായി ആർക്കും ഒന്നും നൽകിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. സാമ്പത്തികപ്രതിസന്ധി മറികടക്കാൻ കേരളത്തിന് 5,000 കോടിരൂപയുടെ അധിക വായ്പ വ്യവസ്ഥകളോടെ അനുവദിക്കാമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

എന്നാൽ, ഈ തുക പര്യാപ്തമല്ലെന്നും സംസ്ഥാനവിഹിതത്തെ നിയന്ത്രിക്കുന്ന തരത്തിലുള്ള വ്യവസ്ഥകളിൽ വായ്പ അനുവദിക്കുന്നത് സ്വീകാര്യമല്ലെന്നും കേരളം കോടതിയെ അറിയിക്കുകയായിരുന്നു.