നിക്ഷേപതട്ടിപ്പ്, പോപ്പുലർ ഫിനാൻസ് 9,95,000/- രൂപ നഷ്ടപരിഹാരം നൽകണം: ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി

കൊച്ചി: ഉയർന്ന പലിശ വാഗ്ദാനം നൽകി നിക്ഷേപം സ്വീകരിച്ച് കബളിപ്പിച്ച പോപ്പുലർ ഫിനാൻസ് പരാതിക്കാരന് നിക്ഷേപിച്ച ഒൻപത് ലക്ഷം രൂപയും 70000/- രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതി ചെലവും നൽകണമെന്ന് ഡി.ബി ബിനു അധ്യക്ഷനും വൈക്കം. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ല ഉപഭോക്തൃ താക്കപരിഹാര കോടതി ഉത്തരവിട്ടു.

അങ്കമാലി വേങ്ങൂർ സ്വദേശി പി വി പ്രസാദ് സമർപ്പിച്ച പരാതിയിലാണ് പോപ്പുലർ ഫിനാൻസിന്റെ മാനേജിങ് പാർട്ടണർമാരായ 4 പേർക്കെതിരെ കോടതി നടപടി സ്വീകരിച്ചത്.

പരാതിക്കാരന് 12% പലിശ നൽകാമെന്ന എതിർകക്ഷിയുടെ വാഗ്ദാനത്തിൽ വിശ്വസിച്ചാണ് എറണാകുളം ജില്ലയിലെ അങ്കമാലിയിൽ പ്രവർത്തിച്ചിരുന്ന എതിർകക്ഷിയുടെ ബ്രാഞ്ചിൽ 2017 സെപ്റ്റംബർ മാസം മുതൽ മൂന്ന് തവണകളായി 9,00,000/- രൂപ നിക്ഷേപിച്ചത്. ആദ്യത്തെ കുറച്ച് കാലങ്ങളിൽ കൃത്യമായി പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പലിശ ലഭിച്ചുവെങ്കിലും പിന്നീട് തുകയൊന്നും ലഭിച്ചില്ല. നിക്ഷേപത്തുക തിരിച്ച് വാങ്ങാൻ അങ്കമാലിയിലെ ഓഫീസിൽ ചെന്നപ്പോൾ ഓഫീസ് അടച്ചുപൂട്ടിയ നിലയിലാണ് കാണപ്പെട്ടത്. ഈ സാഹചര്യത്തിലാണ് പരാതിക്കാരൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതിയെ സമീപിച്ചത്.

സാമ്പത്തിക തട്ടിപ്പ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചാൽ മാത്രമേ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാൻ കഴിയൂ എന്നും, ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കാൻ നിക്ഷേപകർക്ക് നിയമാവബോധം നൽകുകയും വേണമെന്ന് ഉപഭോക്തൃ കോടതി ഉത്തരവിൽ നിരീക്ഷിച്ചു.

പരാതിക്കാരൻ നിക്ഷേപിച്ച ഒൻപത് ലക്ഷം രൂപ തിരിച്ചു നൽകണമെന്നും നഷ്ടപരിഹാരമായി 95, 000/- രൂപയും നൽകണമെന്ന് ജില്ലാ ഉപഭോക്തൃ പരിഹാര കോടതി എതിർകക്ഷികൾക്ക് ഉത്തരവ് നൽകി. അഡ്വ കെ എസ് അരുൺദാസ് പരാതിക്കാരിക്ക് വേണ്ടി ഹാജരായി.