‘സുപ്രഭാതത്തിന് സംശയം’: പിണറായി സർക്കാരിനെ കുറ്റപ്പെടുത്തി സമസ്ത മുഖപത്രം

റിയാസ് മൗലവി വധക്കേസിൽ പൊലീസിനും പ്രോസിക്യൂഷനുമെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം. കോടതി ചൂണ്ടികാട്ടിയ വീഴ്ചകൾ ഉണ്ടെങ്കിൽ ഒത്തുകളിയോ മധ്യസ്ഥതമോ നടന്നെന്ന് സംശയിക്കാമെന്നാണ് സമസ്ത മുഖപത്രമായ സുപ്രഭാതത്തിലെ മുഖപ്രസംഗത്തിലെ വിമർശനം. ഇടതു സർക്കാരിന് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണ കാലത്ത് വലിയ തിരിച്ചടിയാകും ഈ ലേഖനം.

സുപ്രഭാതത്തിന്റെ എഡിറ്റോറിയലിന്റെ പൂർണ്ണ രൂപം

വീഴ്ച കോടതിക്കോ പ്രോസിക്യൂഷനോ?

കേരളത്തിന്റെ സാമൂഹിക സൗഹൃദാന്തരീക്ഷത്തിന് ആഴത്തിൽ മുറിവേൽപ്പിച്ച സംഭവമായിരുന്നു കാസർകോട് കൂരിയിലെ മുഹമ്മദ് റിയാസ് മൗലവി വധം. ഏഴുവർഷം മുമ്പുനടന്ന അറുകൊലയേക്കാൾ അമ്പരപ്പുളവാക്കുന്നതാണ് പ്രതികളായ മൂന്ന് ആർഎസ്എസ് പ്രവർത്തകരെ വെറുതെവിട്ടുകൊണ്ടുള്ള കാസർകോട് ജില്ലാ സെഷൻസ് കോടതിയുടെ വിധി. മതസ്പർധയുണ്ടാക്കാനും അതുവഴി വർഗീയകലാപത്തിനു കോപ്പുകൂട്ടാനുമാണ് 2017 മാർച്ച് 20ന് പുലർച്ചെ, ഒരു യുവ പണ്ഡിതനെ പള്ളിക്കകത്ത് നിഷ്ഠുരമായി കഴുത്തറുത്തുകൊലപ്പെടുത്തിയതെന്ന പ്രോസിക്യൂഷൻ വാദം മുഖവിലയ്ക്കെടുക്കാൻ നീതിപീഠത്തിന് കഴിയാതെ പോയി.

കാസർക്കോട്ടുതന്നെ നേരത്തെ നടന്ന 15 ഓളം കൊലപാതകങ്ങളിൽ പലതും ഏതെങ്കിലും സംഘർഷത്തിന്റെ തുടർച്ചയായി സംഭവിച്ചതാണെന്ന് വിചാരിക്കാമെങ്കിൽ, റിയാസ് മൗലവി വധത്തിൽ അങ്ങനെയൊരു ധാരണക്കും പഴുതില്ല. കുടകിലെ ദരിദ്രകുടുംബത്തിൽനിന്നു വന്ന, ഒരു പ്രശ്‌നങ്ങളിലും തലയിടാത്ത, മദ്‌റസാധ്യാപനവും നിസ്‌കാരത്തിന് ഇമാമത്തും നിർവഹിച്ചു വന്ന നിഷ്‌കളങ്ക ചെറുപ്പക്കാരനെയാണ്, തലച്ചോറിൽ വർഗീയ വൈറസ് പെരുകിയ ആർഎസ്എസ് സംഘം കൊന്നുതള്ളിയത്. റിയാസ് മൗലവിയോട് ഇക്കൂട്ടർക്ക് മുൻവൈരാഗ്യം ഏതുമില്ലായിരുന്നു. ഉണ്ടായിരുന്നത് തങ്ങളുടെ മതത്തിനുപുറത്തുള്ള ഒരാൾ എന്ന ഒരേയൊരു പക. ഇതേ മനോനില തന്നെയാണോ രാജ്യത്തെ നീതിനിർവഹണ, നീതിന്യായ സംവിധാനങ്ങളെയും ഗ്രസിച്ചിരിക്കുന്നത് എന്ന ചോദ്യമാണ് റിയാസ് മൗലവി വധക്കേസ് വിധിയും ഉയർത്തുന്നത്.

സാക്ഷിമൊഴികളും ഫൊറൻസിക് ഉൾപ്പെടെ നൂറിലേറെ തെളിവുകളും ഹാജരാക്കിയിട്ടും കേസിലെ പ്രതികളെല്ലാം കുറ്റവിമുക്തരാക്കപ്പെട്ടു എന്നത് ദുരൂഹവും ഭയജനകവുമാണ്. ഗൂഢാലോചനാവാദം സാധൂകരിക്കാനോ ഒരു സമുദായത്തോടുള്ള വെറുപ്പാണ് കൊലപാതകത്തിനു പിന്നിലെന്നു തെളിയിക്കാനോ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നാണ് ജഡ്ജി കെ.കെ ബാലകൃഷ്ണന്റെ വിധിപ്രസ്താവത്തിലുള്ളത്. പ്രതികളുടെ ആർഎസ്എസ് ബന്ധം തെളിയിക്കുന്നതിലും പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി വിധിയിലുണ്ട്. എന്നാൽ ഒന്നാം പ്രതി അജേഷിന്റെ ആർഎസ്എസ് യൂനിഫോമിലുള്ള ഫോട്ടോയും തെരഞ്ഞെടുപ്പ് പ്രചാരണകാലത്തെ ബിജെപിയുടെ തൊപ്പിയണിഞ്ഞ ഫോട്ടോയും പൊലിസ് കോടതിയിൽ ഹാജരാക്കിയിരുന്നു. രണ്ടും മൂന്നും പ്രതികളുടെ ആർഎസ്എസ് ബന്ധം വെളിപ്പെടുത്തുന്ന തെളിവുകളും ഹാജരാക്കി. എന്നിട്ടും കോടതിക്ക് ഇതൊന്നും മതിയായ തെളിവായില്ലെന്നാണോ വിശ്വസിക്കേണ്ടത്.

ഡി.എൻ.എ ഫലം അടക്കമുള്ള തെളിവുകൾ ഹാജരാക്കിയിട്ടും കോടതി മുഖവിലയ്ക്കെടുത്തില്ലെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. തെളിവുശേഖരണത്തിൽ പൊലിസിനു ഗുരുതര വീഴ്ച സംഭവിച്ചുവെന്നും 170 പേജുള്ള വിധിപ്പകർപ്പിൽ പറയുന്നു. മൂന്നുദിവസത്തിനകം പ്രതികളെ പിടിക്കുകയും 85ാംനാൾ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തുവെന്ന് അഭിമാനിക്കുന്ന കേരളാ പൊലിസിനാണ് പിഴച്ചത് എന്നാണോ മറ്റുള്ളവർ വിചാരിക്കേണ്ടത്!
നിരാശാജനക വിധിക്കെതിരേ മേൽക്കോടതിയിൽ അപ്പീൽ പോകുമെന്നാണ് പ്രോസിക്യൂഷൻഭാഗം അഡ്വക്കേറ്റ് ടി. ഷാജിത് മാധ്യമങ്ങളോട് പറഞ്ഞത്. കോടതി ചൂണ്ടിക്കാട്ടിയ വീഴ്ചകൾ പൊലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടായെങ്കിൽ പ്രതിപക്ഷം ആരോപിക്കുന്നതുപോലെ റിയാസ് മൗലവി വധക്കേസിൽ ഒത്തുകളിയോ മധ്യസ്ഥമോ നടന്നതായി ന്യായമായും സംശയിക്കാം. എന്നാൽ ഡി.എൻ.എ ഫലം ഉൾപ്പെടെയുള്ള അതിപ്രധാന തെളിവുകൾ ഹാജരാക്കിയിട്ടും പ്രതികൾ കുറ്റവിമുക്തരായെങ്കിൽ നമ്മൾ ആരെയാണ് സംശയിക്കേണ്ടത്?

അടുത്തകാലത്തായി രാജ്യത്തെ കോടതിവിധികളിൽ ചിലതിലെങ്കിലും പക്ഷപാതിത്വങ്ങൾ മുഴച്ചുനിൽക്കുന്നതായി നിരീക്ഷിക്കാൻ സാധിക്കുന്നുണ്ട്. പല നിയമജ്ഞരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. അത്തരം സംഭവങ്ങളിൽ രക്ഷപെടുന്നവരൊക്കെ ആർഎസ്എസ് ബന്ധമുള്ളവരാണെന്നുകൂടി ഓർക്കുമ്പോൾ കൂട്ടിവായനകൾ അസ്ഥാനത്താകുന്നില്ല. അതേസമയം മറ്റ് പാർട്ടിപ്രവർത്തകരാൽ കൊല്ലപ്പെടുന്ന ആർഎസ്എസ് പ്രവർത്തകരുടെ കേസിൽ അതിവേഗ അന്വേഷണവും ചടുലവിധിയും വരുന്നതിനും നമ്മുടെ സംസ്ഥാനത്തു തന്നെയും ഉദാഹരണങ്ങളുണ്ട്. അതിലൊന്നാണ് ആലപ്പുഴയില ആർഎസ്എസ് പ്രവർത്തകൻ രഞ്ജിത് ശ്രീനിവാസൻ കൊലക്കേസ്. 2022 ഡിസംബർ 19നാണ് രഞ്ജിതുകൊല്ലപ്പെടുന്നത്. കേസ് അന്വേഷണവും കുറ്റപത്രസമർപ്പണവും അതിവേഗമായതിനാൽ രണ്ടുവർഷത്തിനകം കോടതിയിൽനിന്ന് വിധിയുമുണ്ടായി. പ്രതികളായ മുഴുവൻ എസ്.ഡി.പി.ഐ പ്രവർത്തകർക്കും തൂക്കുകയറായിരുന്നു കോടതി വിധിച്ചത്. എന്നാൽ രഞ്ജിത്ത് വധത്തിന് 24 മണിക്കൂർ മുമ്പുനടന്ന ഷാൻ കൊലക്കേസിലാകട്ടെ ഈ മിന്നൽവേഗമോ വിധിപ്രസ്താവമോ കാണാനുമില്ല. കാരണം ഷാൻ വധക്കേസിൽ പ്രതിപ്പട്ടികയിലുള്ളത് ആർ.എസ്.എസുകാരെന്നതുതന്നെ.

സിപിഎം നേതാവ് പി. ജയരാജനു നേരെ 1999 ഓഗസ്റ്റ് 25ന് തിരുവോണനാളിൽ നടന്ന വധശ്രമക്കേസ് വിധിയിലും ഇതേ പക്ഷപാതിത്വം നടന്നതായി ആരോപണം ഉയർന്നിരുന്നു. കേസിൽ ഒരാൾ ഒഴികെ എട്ട് ആർഎസ്എസ് പ്രവർത്തകരെയും വെറുതെ വിട്ട് ഇക്കഴിഞ്ഞ ഫെബ്രുവരി 29നാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. തനിക്ക് നീതി നിഷേധിക്കപ്പെട്ടെന്നും സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ അപ്പീൽ പോകണമെന്നും ജയരാജൻ ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ ആർഎസ്എസ് പ്രവർത്തകർ പ്രതികളാവുന്ന മിക്ക കേസുകളിലും പ്രോസിക്യൂഷൻ ഭാഗം ദയനീയമായി പരാജയപ്പെടുകയും പ്രതികൾ താമസംവിനാ കുറ്റമുക്തരാക്കപ്പെടുകയും ചെയ്യുന്നത് അതിശയകരമാണ്; സംശയകരമാണ്.

ജുഡീഷ്യറിക്കുമേൽ അധികാരകേന്ദ്രങ്ങളുടെ ഇടപെടൽ ഉണ്ടോ എന്ന് സാധാരണക്കാർ സംശയിക്കുന്ന ഇത്തരം ഒട്ടേറെ വിധികൾ രാജ്യം കേട്ടതാണ്. വിധി പ്രസ്താവിക്കുന്ന ജഡ്ജിമാർ പദവിയൊഴിഞ്ഞ്, ഭരിക്കുന്ന പാർട്ടിയുടെ സ്ഥാനാർത്ഥിയാകുന്നതും ഈ രാജ്യത്തുതന്നെയാണ്. ജനാധിപത്യത്തിന്റെ കരുത്തും ജുഡീഷ്യറിയുടെ വിശ്വാസ്യതയും ഇല്ലായ്മ ചെയ്യുന്നതാണ് ഈയിടെയായി നടക്കുന്ന ചില വിധി പറച്ചിലുകളെന്ന് പറയാതെ വയ്യ. അതോടൊപ്പം പ്രതികൾക്കു രക്ഷപ്പെടാൻ പഴുതൊരുക്കുന്ന പൊലിസ് ഉൾപ്പെടെയുള്ള നീതിനിർവഹണ സംവിധാനങ്ങളെയും കണ്ണടച്ചു വിശ്വസിക്കേണ്ടെന്നു തന്നെയാണ് ഏറ്റവുമൊടുവിൽ റിയാസ് മൗലവി വധക്കേസ് വിധിയും നമ്മോടു പറയുന്നത്.