‘ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഇ ഡി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി’; അതിഷി

ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഒരു മാസത്തിനകം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുമെന്ന ഭീഷണിയുണ്ടായതായി ഡൽഹി മന്ത്രിയും ആംആദ്മി നേതാവുമായ അതിഷിയുടെ വെളിപ്പെടുത്തൽ. തന്റെ അടുത്ത സൃഹൃത്ത് വഴിയാണ് ബിജെപി മുന്നറിയിപ്പ് നൽകിയതെന്ന് അതിഷി പറഞ്ഞു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് വെളിപ്പെടുത്തല്‍.

‘ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ്, താനും മറ്റ് മൂന്ന് എഎപി നേതാക്കളും ഉടനെ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും അതിഷി വെളിപ്പെടുത്തി. ഡൽഹി മന്ത്രിയായ സൗരഭ് ഭരദ്വാജ്, എംഎൽഎ ദുർഗേഷ് പഥക്, രാജ്യസഭാ എംപി രാഘവ് ഛദ്ദ എന്നിവരെ അറസ്റ്റ് ചെയ്യാനാണ് ബിജെപി പദ്ധതിയിടുന്നതെന്നും അതിഷി ആരോപിച്ചു. വരുംദിവസങ്ങളിൽ തന്റെയും ബന്ധുക്കളുടെയും വസതികളിൽ ഇ ഡി റെയ്ഡ് നടത്താൻ സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്നും അതിഷി ആരോപിച്ചു.