‘പോസ്റ്റർ വിതരണം ചെയ്യുന്നില്ല’: പരാതി നൽകി കൃഷ്ണകുമാർ

ബിജെപി കൊല്ലം ജില്ലാ നേതൃത്വത്തിന് എതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി കൊല്ലത്തെ എൻ ഡി എ സ്ഥാനാർത്ഥി കൃഷ്ണകുമാർ ജി. തന്റെ പോസ്റ്റർ വിതരണം ചെയ്യുന്നില്ലെന്നും പ്രചരണ രംഗത്ത് ജില്ലാ നേതൃത്വം നിസഹരണം കാട്ടുന്നതായും സ്ഥാനാർത്ഥിയുടെ പരാതി.

അതേ സമയം ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തൻ നീക്കമെന്ന് ആരോപിച്ച് ഊമ കത്തും പ്രചരിക്കുന്നു. കൊല്ലത്ത് ബിജെപിയുടെ സ്ഥാനാർത്ഥി കുപ്പായമിട്ട് കാത്തിരുന്ന ആൾ രണ്ട് മാസം മുമ്പ് 2500 ഫ്ലക്സ് ബോർഡ് നിർമ്മിക്കാൻ ചാത്തന്നൂരിൽ ഓർഡർ നൽകിയെന്നും – ഈസ്റ്റർ ആശംസകാർഡുകൾ ബൂത്തുകളിൽ എത്തിച്ചിട്ടും വിതരണം ചെയ്തില്ലെന്നും, 400ഉം, 500 ഉം വീടുകളുള്ള ബൂത്തിൽ 40 നാമനിർദ്ദേശ അറിയിപ്പ് ലഘുലേഖകൾ നൽകിയെങ്കിലും അത് വെച്ചിടത്ത് തന്നെ ഇരിക്കുന്നുവെന്നും ഉത്സവങ്ങളും, പൊങ്കാലകളും തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥാനാർത്ഥിയെ കൊണ്ടു പോകാതെയും, നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന തീയതി വോട്ടർമാരെ അറിയിക്കുന്ന ലഘുലേഖയിൽ തീയതി പോലും തെറ്റിച്ചടിച്ചുകൊണ്ട് കൊല്ലം ലോക്സഭ തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നവർ പ്രചരണം അട്ടിമറിക്കുകയാണെന്നാണ് ആക്ഷേപം.

എൻ ഡി എ സ്ഥാനാർത്ഥിയായ തന്റെ പോസ്റ്റർ വിതരണം ചെയ്യുന്നില്ലെന്നും പ്രചരണ രംഗത്ത് ജില്ലാ നേതൃത്വം നിസഹരണം കാട്ടുന്നതായുമുള്ള സ്ഥാനാർത്ഥിയുടെ പരാതിയിൽ ആർ എസ് എസ് ഇടപെട്ടു. ജില്ലാ പ്രസിഡന്റ് ആയിരിക്കും സ്ഥാനാർത്ഥി ആവുക എന്നായിരുന്നു വിവരം. ഇതിനെ വെട്ടിയാണ് പാർട്ടി നേതൃത്വം നടൻ കൂടിയായ കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കിയത്. ഇതിലുള്ള അതൃപ്തിയാണ് നിസംഗതയ്ക്ക് കാരണമെന്നാണ് കൃഷ്ണകുമാർ അനുകൂലികളുടെ പരാതി.