തുടർച്ചയായ മൂന്നാം ജയത്തോടെ സഞ്ജുവിന്റെ രാജസ്ഥാൻ പോയന്റ് പട്ടികയിൽ ഒന്നാമത്; ഹോം ഗ്രൗണ്ടിലും ഹാർദ്ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യൻസിന് കനത്ത തോൽവി

ഐപിഎല്ലിൽ സ്വന്തം ഗ്രൗണ്ടായ വാംഖഡെയിൽ ആദ്യ ഹോം മത്സരത്തിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് രാജസ്ഥാൻ റോയിൽസിനോട് കനത്ത തോൽവി. സീസണിലെ ആദ്യ ജയം പ്രതീക്ഷിച്ചിറങ്ങിയ മുംബൈയെ ആറ് വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസ് കീഴടക്കിയത്.

ടോസ്  നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 125 റൺസിൽ ഒതുങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 15.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് നേടി. ജയത്തോടെ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് പോയന്റ് പട്ടികയിൽ ഒന്നാമതെത്തി.

മൂന്ന് കളികളിൽ മൂന്നും ജയിച്ച രാജസ്ഥാൻ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ കളിച്ച മൂന്ന് കളിയും തോറ്റ മുംബൈ അവസാന സ്ഥാനത്താണ്. മുംബൈ ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം 54 റൺസുമായി പുറത്താകാതെ നിന്ന റിയാൻ പരാഗിന്റെ ബാറ്റിങ് മികവിലാണ് രാജസ്ഥാൻ അനായാസം മറികടന്നത്. ക്യാപ്റ്റൻ സഞ്ജു സാംസണും ജോഷ് ബട്ലറും യശസ്വി ജയ്സ്വാളും ബാറ്റിംഗിൽ നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ മികവ് ഒരിക്കൽ കൂടി രാജസ്ഥാന് വിജയം സമ്മാനിച്ചു. മുംബൈക്കായി ആകാശ് മധ്വാൾ മൂന്ന് വിക്കറ്റെടുത്തു. സ്‌കോർ മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 125-9, രാജസ്ഥാൻ റോയൽസ് ഓവറിൽ 15.3 ഓവറിൽ 127-4.

കഴിഞ്ഞ കളിയിലെ രാജസ്ഥാന്റെ രക്ഷകനായ റിയാൻ പരാഗ് തന്നെയാണ് ഇത്തവണയും തുണച്ചത്. പതിനാറാം ഓവറിലെ അവസാന മൂന്ന് പന്തുകളിൽ രണ്ട് സിക്സും ഒരു ഫോറും നേടി സ്റ്റൈലിഷായാണ് പരാഗ് രാജസ്ഥാനെ വിജയിപ്പിച്ചത്. ഇതിനിടെ സീസണിലെ രണ്ടാം അർധ സെഞ്ചുറി കണ്ടെത്താനും പരാഗിനായി. കൂടാതെ ഓറഞ്ച് ക്യാപ്പ് മത്സരത്തിൽ കോലിയെ മറികടന്ന് ഒന്നാമതെത്തുകയും ചെയ്തു.

ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ക്യപ്റ്റൻസിയിലുമെല്ലാം മുംബൈയെ വാരിക്കളയുന്ന പ്രകടനത്തോടെയാണ് രാജസ്ഥാൻ ലക്ഷ്യത്തിലെത്തിയത്. ഹോം ഗ്രൗണ്ടിലും തോൽവി അറിഞ്ഞതോടെ ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ കൂടുതൽ സമ്മർദ്ദത്തിലാവും.