Big Boss: റോക്കി സിജോയുടെ താടിയിൽ ഇടിച്ചത് പണിയാകുമോ? ബിഗ് ബോസ് സീസൺ 6 അടിയന്തരമായി നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്റെ പരാതി

പരിപാടിയുടെ അവതാരകനായ മോഹൻലാലിനും ഈ ലംഘനങ്ങളിൽ പങ്കുണ്ടെന്നും പരാതിയിൽ പറയുന്നു.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം സീസൺ 6 അടിയന്തരമായി നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്റെ പരാതി. ഒരു മത്സരാർഥി മറ്റൊരു മത്സരാർഥിയെ ഇടിച്ചുപരിക്കേൽപ്പിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നും പരിപാടി സംപ്രേഷണം ചെയ്യുന്നത് എല്ലാ നിയമങ്ങളും ലംഘിച്ചാണെന്നും ഹൈക്കോടതി അഭിഭാഷകനായ ആദർശ് എസ്, ഇൻഫൊർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് സമർപ്പിച്ച പരാതിയിൽ പറയുന്നു. പരിപാടിയുടെ അവതാരകനായ മോഹൻലാലിനും ഈ ലംഘനങ്ങളിൽ പങ്കുണ്ടെന്നും പരാതിയിൽ പറയുന്നു.

സീസണിലെ 15 ാം ദിവസത്തെ സംഭവങ്ങൾ സംപ്രേഷണം ചെയ്ത 16 ാമത്തെ എപ്പിസോഡാണ് പരാതിക്കിടയാക്കിയത്. മാർച്ച് 25 നാണ് എപ്പിസോഡ് സംപ്രേഷണം ചെയ്തത്. മത്സരാർഥികളായ ഹസീബ് എസ് കെ(റോക്കി)യും സിജോ ജോണും തമ്മിൽ കായികമായി ഏറ്റുമുട്ടിയതാണ് വിഷയം.

അസി റോക്കി സിജോ ജോണിന്റെ താടിയിൽ ഇടിക്കുകയും ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം. സിജോയ്ക്ക് താടിയെല്ലിന് പൊട്ടലുണ്ടായെന്നും ശസ്ത്രക്രിയ വേണ്ടി വന്നുവെന്നുമാണ് മെഡിക്കൽ റിപ്പോർട്ടുകളിൽ പറയുന്നത്. റോക്കിയുടെ പ്രവൃത്തി ഐപിസി സെക്ഷൻ 320, 325 പരിധിയിൽ വരുന്നതാണ്.

നിയമവിരുദ്ധമായ ഉള്ളടക്കത്തിന് പരിപാടിയുടെ പ്രൊഡ്യൂസർമാരായ എൻഡമോൾ ഷൈൻ ഇന്ത്യക്കും ബാനിജെയ്ക്കും എതിരെയും പരിപാടി സംപ്രേഷണം ചെയ്തതിന് ഏഷ്യാനെറ്റിനും, മാതൃകമ്പനിയായ ഡിസ്‌നി ഹോട്ട്‌സ്റ്റാറിനും എതിരെയും നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. അതിനൊപ്പം ബിഗ്‌ബോസ് നിർത്തി വയ്ക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.