വെട്ടിത്തിളങ്ങി സ്വര്‍ണം; വില 51000 കടന്ന് കുതിച്ചു

കേരളത്തില്‍ സ്വര്‍ണവില പവന് 51000ത്തിന് മുകളിലെത്തി. ആദ്യമായിട്ടാണ് സ്വര്‍ണവില ഇത്രയും ഉയരുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 51280 രൂപയാണ്. ഗ്രാമിന് നല്‍കേണ്ടത് 6410 രൂപ. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 57000 രൂപ വരെ ചെലവ് വന്നേക്കും. ഇത്രയും ഉയര്‍ന്ന തുക നല്‍കി സ്വര്‍ണം വാങ്ങാന്‍ സാധാരണക്കാര്‍ തയ്യാറാകില്ല. ഈ വേളയില്‍ അവശ്യമുള്ളവര്‍ പഴയ സ്വര്‍ണം മാറ്റി വാങ്ങാനാണ് സാധ്യത.

കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയരാന്‍ കാരണമായി പറഞ്ഞത് അമേരിക്കന്‍ വിപണിയിലെ മാറ്റങ്ങളായിരുന്നു എങ്കില്‍ ഇപ്പോഴത്തെ വര്‍ധനവിന് കാരണം ചൈനയാണത്രെ. കഴിഞ്ഞ മാസം അവസാനത്തിലാണ് സ്വര്‍ണവില പവന് അര ലക്ഷം കടന്നത്.

ഈ മാസം തുടക്കത്തില്‍ തന്നെ വില കുതിക്കുന്നതായിരുന്നു കാഴ്ച. ഒന്നിന് 680 രൂപ കൂടിയെങ്കില്‍ രണ്ടിന് 200 രൂപ കുറയുകയാണ് ചെയ്തത്. ഇന്ന് 600 രൂപ വര്‍ധിച്ചു. കൂടുമ്പോള്‍ വലിയ സംഖ്യയും കുറയുമ്പോള്‍ നാമമാത്രമായ തുകയുമാണ് മാറുന്നത് എന്നതാണ് എടുത്തു പറയേണ്ടത്.

ആഗോള വിപണിയില്‍ സ്വര്‍ണവില കുതിക്കുകയാണ്. സിറിയ, ഇസ്രായേല്‍, ഇറാന്‍ എന്നീ രാജ്യങ്ങളെ ബന്ധപ്പെടുത്തി നടക്കുന്ന രാഷ്ട്രീയ മാറ്റങ്ങളാണ് വിപണിയെ അസ്വസ്ഥമാക്കുന്ന പുതിയ ഘടകം. മറ്റൊന്ന് ചൈനയില്‍ നിന്ന് സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറി എന്നതാണ്. ചൈനയിലെ നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങുന്നതാണ് പൊടുന്നനെയുള്ള വില വര്‍ധനവിന് കാരണമായി പറയുന്നത്.