വയനാടിനെ ഇളക്കിമറിച്ച് രാഹുൽ ഗാന്ധിയുടെ റോഡ് ഷോ; നാമ നിർദേശ പത്രിക നല്‍കി; ‘എന്നും ജനങ്ങൾക്കൊപ്പമെന്ന് ഉറപ്പ്’

രാവിലെ 10 മണിക്ക് മൂപ്പൈനാട് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ രാഹുൽഗാന്ധി, വൻ റോഡ് ഷോയോട് കൂടിയാണ് നാമനിർദേശപത്രിക സമർപ്പിക്കാൻ വരണാധികാരിക്ക് മുന്നിലേക്ക് എത്തിയത്. മണ്ഡലത്തിലെ യുഡിഎഫ് പ്രവർത്തകരെ ഇളക്കിമറിച്ചുകൊണ്ടുള്ള റോഡ് ഷോയാണ് കൽപറ്റയിൽ നടന്നത്.

വയനാട് എംപിയെന്നത് തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി. കക്ഷി രാഷ്ട്രീയങ്ങള്‍ക്ക് അതീതമായി താന്‍ എപ്പോഴും വയനാട്ടുകാര്‍ക്കൊപ്പമുണ്ടാകുമെന്നും പാര്‍ലമെന്റിനകത്തും പുറത്തും പ്രവര്‍ത്തിക്കുമെന്നും വയനാട്ടിലെത്തിയ രാഹുല്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു. ഇതെന്റെ ഹൃദയത്തില്‍ നിന്നെടുക്കുന്ന വാക്കുകളാണ്’- രാഹുല്‍ പറഞ്ഞു.

വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എന്നും മുന്നിലുണ്ടാകുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുൽ ഗാന്ധി. വയനാട് എംപി എന്നത് വലിയ ബഹുമതിയായി കാണുന്നുവെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, വയനാട്ടിലെ വന്യമൃഗ ശല്യം അടക്കമുള്ള പരിഹരിക്കാൻ എന്നും ഒപ്പമുണ്ടാകുമെന്ന് കൂട്ടിച്ചേര്‍ത്തു. 

പ്രളയകാലത്തിലെ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറഞ്ഞ രാഹുല്‍ വയനാട്ടുകാരുടെ ഒരുമയും ഐക്യവുമാണ് മഹാപ്രളയത്തിനിടെ പോലും തനിക്ക് മനസിലാക്കാന്‍ സാധിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. ഇത്ര വലിയ ദുരന്തത്തിനിടെ പോലും വയനാട്ടിലെ സാധാരണക്കാരായ ജനങ്ങള്‍ ക്ഷോഭിച്ചില്ല. മറ്റുള്ളവരെ ആക്ഷേപിക്കുകയോ കുറ്റം പറയുകയോ ചെയ്തില്ല. വയനാട്ടിലെ ജനങ്ങളുടെ വിവേകവും ബുദ്ധിശക്തിയും താന്‍ കണ്ടു.

വയനാട്ടിലെ പാര്‍ലമെന്റംഗമാകുക എന്നത് ഏറ്റവും വലിയ ബഹുമതിയായാണ് കാണുന്നത്. വയനാട്ടില്‍ ഓരോ വീട്ടിലും തനിക്ക് സഹോദിമാരും അമ്മമാരും അച്ഛന്മാരുമുണ്ട്. വയനാട്ടിലെ ജനങ്ങള്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇതിനെല്ലാം പരിഹാരത്തിന് വേണ്ടിയുള്ള ജനങ്ങളുടെ പോരാട്ടത്തില്‍ മുന്നില്‍ താനുമുണ്ടാകും. പ്രശ്‌നപരിഹാരത്തിന് സംസ്ഥാന സര്‍ക്കാരിലും കേന്ദ്രത്തിലും സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും പരിഹാരമുണ്ടായില്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഇതിനെല്ലാം പരിഹാരമുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

എല്ലാ ജനങ്ങളോടും നന്ദിപറയുകയാണ്. തന്നെ തിരഞ്ഞെടുത്താല്‍ പാര്‍ലമെന്റിനകത്തും പുറത്തും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ താനുണ്ടാകുമെന്നും രാഹുല്‍ ഉറപ്പുനല്‍കി.

പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ അടക്കമുള്ളവരും രാഹുല്‍ ഗാന്ധിയെ അനുഗമിച്ചു. മൂന്ന് സെറ്റ് പത്രികയാണ് ജില്ലാ കളക്ടര്‍ രേണുരാജിന് മുമ്പാകെ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ചത്.

അതേസമയം, ഇടത് സ്ഥാനാർത്ഥി ആനി രാജയും നാമനിർദേശ പത്രിക സമര്‍പ്പിച്ചു.