സിനിമാ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ചു പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടുവാൻ വിവരാവകാശ കമ്മിഷന്റെ ഉത്തരവ്

നാലര വർഷമായി സർക്കാർ പൂഴ്ത്തി വച്ചിരിക്കുന്ന റിപ്പോർട്ട് പുറത്തുവിടുവാനാണ് വിവരാവകാശ കമ്മീഷൻ നിർണായക ഉത്തരവിട്ടിരിക്കുന്നത്.

കൊട്ടിഘോഷിച്ച് കമ്മിറ്റിയെ വെച്ച് ഇടത് സർക്കാർ റിപ്പോർട്ടിലെ വിശദാംശങ്ങൾ നാലര വർഷത്തോളമായി പൂഴ്ത്തിവെക്കുകയായിരുന്നു

നടിയെ ആക്രമിച്ച കേസിന് പിന്നാലെയാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ വിഷയം പഠിക്കാനായി ഹേമ കമ്മീഷനെ സർക്കാർ നിയോഗിച്ചത്. ജസ്റ്റിസ് ഹേമയ്ക്കു പുറമേ നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സല കുമാരി എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ.

സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വിവിധ വിഷയങ്ങൾ പഠിച്ച് കമ്മീഷൻ 2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ
റിപ്പോർട്ട് പൂഴ്ത്തുകയായിരുന്നു. റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഒട്ടനവധി അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. റിപ്പോർട്ടിൽ പല പ്രമുഖർക്കെതിരെ പരാമർശങ്ങൾ ഉണ്ടെന്ന സൂചനയും ഉയർന്നിരുന്നു.

റിപ്പോർട്ട് പുറത്തുവിടണമെന്ന് ഡബ്ല്യു സി സി പലകുറി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ റിപ്പോർട്ട് പുറത്തുവിടുന്നതിനെ ഹേമ കമ്മീഷൻ എതിർത്തുവെന്ന വാദമുയർന്നിയാണ് സർക്കാർ റിപ്പോർട്ട് പൂഴ്ത്തിവച്ചത്.

ഇതിനിടയിലാണ് റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ നിർണായക ഉത്തരവിട്ടത് . സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.എ. അബ്ദുൽ ഹക്കീമാണ് ഉത്തരവ്പുറപ്പെടുവിച്ചത്. ആർടിഐ നിയമപ്രകാരം വിലക്കപ്പെട്ടവ ഒഴിച്ച് ഒരു വിവരവും മറച്ചുവയ്ക്കരുതെന്നു കമ്മിഷൻ നിർദേശിച്ചു.

https://newskerala.live/2024/07/06/kappa-criminal/

വിവരം പുറത്തുവിടുമ്പോൾ അവ റിപ്പോർട്ടിലുള്ള വ്യക്തികളുടെ സ്വകാര്യതയിലേക്കു കടക്കുന്നത് ആകരുതെന്നും നിർദേശമുണ്ട്.. ഉത്തരവു പൂർണമായി നടപ്പാക്കിയെന്ന് ഗവ. സെക്രട്ടറി ഉറപ്പാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. വിവരാവകാശ കമ്മീഷൻ ഉത്തരവിൽ സർക്കാർ ഇനി എന്ത് നടപടി സ്വീകരിക്കുമെന്നാണ് കണ്ടറിയേണ്ടത്.