തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് ബി.ജെ.പി. ഒരുക്കം; വിശാല നേതൃയോഗത്തിൽ നഡ്ഡ പങ്കെടുക്കും

തിരുവനന്തപുരം: തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തന്ത്രമൊരുക്കാനൊരുങ്ങി ബി.ജെ.പി.. ലോക്‌സഭയിൽ കേരളത്തിന് പ്രാതിനിധ്യം ഉറപ്പിക്കാനായതും സംസ്ഥാനമൊട്ടാകെ വോട്ടുവിഹിതം ഉയർത്തിയതും നൽകുന്ന ആത്മവിശ്വാസത്തിൽ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തന്ത്രമൊരുക്കാനൊരുങ്ങി ബി.ജെ.പി. സംഘടനാ ചുമതലയുള്ള മൂവായിരത്തോളം പ്രതിനിധികളെ പങ്കെടുപ്പിച്ച് ചൊവ്വാഴ്ച തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാനതല വിശാലനേതൃയോഗം തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ തുടക്കംകൂടിയാകും.

ചൊവ്വാഴ്ച ഗിരിദീപം കൺവെൻഷൻ സെന്ററിൽ പഞ്ചായത്തുസമിതിമുതലുള്ള നേതാക്കളുടെ യോഗം 11 മുതൽ ആറുവരെ നടക്കും. വൈകീട്ട് ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയും പരിപാടിയിൽ പങ്കെടുക്കും. തദ്ദേശതിരഞ്ഞെടുപ്പിൽ നിലവിലെ ജനപ്രതിനിധികളുടെ എണ്ണം 1600-ൽനിന്ന് ഉയർത്തുക, തിരുവനന്തപുരം, തൃശ്ശൂർ, കോർപ്പറേഷനുകളിലും 25 മുനിസിപ്പാലിറ്റികളിലും 100 പഞ്ചായത്തുകളിലും ഭരണം പിടിക്കുക, നിയമസഭയിൽ പ്രാതിനിധ്യം ഉറപ്പാക്കുക തുടങ്ങിയവയാണ് ലക്ഷ്യം. 

https://newskerala.live/2024/07/07/railways-started-survey-for-third-route-in-state/

സി.പി.എമ്മിന്റെ കുത്തകയായ പാർട്ടിഗ്രാമങ്ങളിലെ വോട്ടുചോർച്ച ഇടതുനിരയിലെ അസ്വസ്ഥതയാണെന്ന് ബി.ജെ.പി. വിലയിരുത്തുന്നു. ഈ അസ്വസ്ഥത മുതലെടുക്കാൻ ശ്രമിക്കും. തിരുവനന്തപുരത്തെ പരാജയത്തിന് മുഖ്യകാരണമായ തീരദേശമേഖലയുടെ അകൽച്ച ഇല്ലാതാക്കാൻ കർമപദ്ധതി തയ്യാറാക്കും. 

വോട്ടുബാങ്കായി സി.പി.എം. കരുതിയിരുന്ന ഈഴവ സമുദായം തങ്ങൾക്കൊപ്പമുണ്ടെന്നതിലും ബി.ജെ.പി. ആശ്വസിക്കുന്നു. സർക്കാർവിരുദ്ധവികാരം മാത്രമല്ല, സി.പി.എമ്മിന്റെ പ്രീണനസമീപനവും ക്രൈസ്തവരുടെ നിലപാടുമാറ്റത്തിന് കാരണമായെന്നാണ് വിലയിരുത്തൽ. ചെറുതും വലുതുമായ സമുദായങ്ങളെയും പട്ടികജാതി, പട്ടികവർഗ, പിന്നാക്കസമുദായങ്ങളെയും കൂടെക്കൂട്ടി എൻ.ഡി.എ.യെ ശക്തിപ്പെടുത്തുന്നതിനും മുൻഗണന നൽകും.