‘സാധാരണമരണം വരിക്കില്ലെന്ന് പറഞ്ഞിരുന്നു, ഇപ്പോള്‍ കീര്‍ത്തിചക്ര എന്റെ കൈകളില്‍, അദ്ദേഹം ഹീറോയാണ്’

കൈകള്‍ കൂട്ടിപ്പിടിച്ച് വിഷാദച്ഛായയോടെ, എങ്കിലും ഏറെ അഭിമാനത്തോടെ സ്മൃതി സിങ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് മുന്നില്‍ നിന്നു. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി സ്വജീവന്‍ ത്യാഗം ചെയ്ത ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന് രാജ്യം നല്‍കുന്ന ആദരവ് ഏറ്റുവാങ്ങുന്നതിനാണ് പത്‌നി സ്മൃതി സിങ് രാഷ്ട്രപതി ഭവനില്‍ എത്തിയത്. സ്മൃതിയ്‌ക്കൊപ്പം ആ ധീരജവാന്റെ മാതാവും ഉണ്ടായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സൈനികബഹുമതിയായ കീര്‍ത്തി ചക്ര മരണാനന്തരബഹുമതിയായി നല്‍കിയാണ് ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിനെ രാജ്യം ബഹുമാനിച്ചത്. സിയാച്ചിനിലുണ്ടായ അപകടത്തിലാണ് ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ് വീരമൃത്യു വരിച്ചത്. 

“ഒരു സാധാരണമരണം വരിക്കാന്‍ ഞാനൊരുക്കമല്ല, മരിക്കുമ്പോള്‍ എന്റെ നെഞ്ചില്‍ ഒരു മെഡലുണ്ടാകും, അദ്ദേഹം പറയുമായിരുന്നു”, സ്മൃതി ഓര്‍മിച്ചു. 

“എന്‍ജിനീയറിങ് കോളേജിലെ ആദ്യദിനത്തിലാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. പ്രഥമകാഴ്ചയില്‍ ഞങ്ങള്‍ അനുരാഗത്തിലായി. ഒരു മാസത്തിനുശേഷം അദ്ദേഹത്തിന് ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ചു, സൂപ്പര്‍ ഇന്റലിജന്റ് ബോയ് ആയിരുന്നു. പിന്നീട് നീണ്ട എട്ട് കൊല്ലം ലോങ്-ഡിസ്റ്റന്‍സ് റിലേഷന്‍ഷിപ്പായിരുന്നു, തങ്ങളുടെ പ്രണയത്തെ കുറിച്ച് സ്മൃതി പറഞ്ഞു. ഒടുവില്‍ ഞങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചു. നിര്‍ഭാഗ്യവശാല്‍ വിവാഹം കഴിഞ്ഞ് രണ്ട് മാസമായപ്പോഴേക്കും ഉദ്യോഗസംബന്ധമായി അദ്ദേഹത്തിന് സിയാച്ചിനില്‍ പോകേണ്ടി വന്നു”, അവര്‍ കൂട്ടിച്ചേര്‍ത്തു.

“അടുത്ത 50 വര്‍ഷക്കാലത്ത് ഞങ്ങളുടെ ജീവിതം എത്തരത്തിലായിരിക്കുമെന്ന് ജൂലായ് 18 ന് ദീര്‍ഘമായ ഫോണ്‍സംഭാഷണത്തില്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ അടുത്ത ദിവസം രാവിലെ അദ്ദേഹം ഇനിയില്ലെന്ന ഫോണ്‍ സന്ദേശമാണ് എന്നെത്തേടിയെത്തിയത്. അടുത്ത ഏഴെട്ട് മണിക്കൂര്‍നേരം ആ ദുരന്തം ഉള്‍ക്കൊള്ളാനാകാതെ ഞങ്ങള്‍ മരവിച്ചിരിക്കുകയായിരുന്നു, ഇന്നിപ്പോള്‍ കീര്‍ത്തിചക്ര എന്റെ കരങ്ങളിലുണ്ട്. അദ്ദേഹം ഒരു ഹീറോയാണ്, എനിക്കിപ്പോള്‍ വിഷമമില്ല. മറ്റുള്ളവര്‍ക്കായി, അദ്ദേഹത്തിന്റെ സൈനികകുടുംബത്തിനായാണ് അദ്ദേഹം ജീവത്യാഗം ചെയ്തത്”, സ്മൃതി പറഞ്ഞു. 

സിയാച്ചിനില്‍ മെഡിക്കല്‍ ഓഫീസറായാണ് ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന് നിയമനം ലഭിച്ചത്. 2023 ജൂലായ് 19 ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ഷോട്ട് സര്‍ക്യൂട്ട് മൂലം സൈനിക ക്യാമ്പില്‍ തീപ്പിടിത്തമുണ്ടായി. ഫൈബര്‍ഗ്ലാസ് കൂടാരം അഗ്നിജ്വാലകളാല്‍ ചുറ്റപ്പെട്ടതുകണ്ട ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ് അതിനുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനൊരുങ്ങി. നാലഞ്ച് പേരെ തീയില്‍ നിന്ന് പുറത്തെത്തിച്ച ക്യാപ്റ്റന്‍ ഒടുവില്‍ അഗ്നിയ്ക്ക് കീഴടങ്ങി. 2023 ജൂലായ് 22ന് എല്ലാ ഔദ്യോഗികബഹുമതികളോടെ ഉത്തര്‍പ്രദേശിലെ ഭഗല്‍പുരില്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്‌കരിച്ചു.