പ്ലസ് വണ്‍ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; മലപ്പുറത്ത് പ്രതിസന്ധി തുടരുന്നു

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാം. ചൊവ്വാഴ്ച വൈകിട്ട് നാല് മണി വരെ ആണ് പ്രവേശനം നേടാനുള്ള സമയം. അലോട്ട്‌മെന്റ് വിവരങ്ങള്‍ https://hscap.kerala.gov.in/ ലെ കാന്‍ഡിഡേറ്റ് ലോഗ് ഇന്‍ എസ്ഡബ്ല്യുഎസിലെ സപ്ലിമെന്ററി അലോട്ട് റിസള്‍ട്ട്‌സ് എന്ന ലിങ്കിലൂടെ ലഭിക്കും.

അലോട്ട്‌മെന്റ് ലഭിച്ചവര്‍ ടിസി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം രക്ഷിതാവിനൊപ്പം ബന്ധപ്പെട്ട സ്‌കൂളില്‍ ഹാജരായി പ്രവേശനം നേടണം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റര്‍ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷന്‍ സമയത്ത് നല്‍കും. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ഫീസ് അടച്ച് സ്ഥിര പ്രവേശനം നേടണം.

സംസ്ഥാനത്താകെ ആദ്യ അലോട്ട്‌മെന്റില്‍ പ്രവേശനം നേടിയത് 30245 വിദ്യാര്‍ത്ഥികളാണ്. അതേസമയം മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റില്‍ ഗുരുതര പ്രതിസന്ധി തുടരുകയാണ്. മലപ്പുറത്ത് ആദ്യ അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിച്ചത് 6999 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ്. 9880 വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും പുറത്താണ്. നിലവിലെ കണക്ക് പ്രകാരം മലപ്പുറത്ത് 89 മെറിറ്റ് സീറ്റുകള്‍ കൂടിയെ ബാക്കി ഉള്ളൂ.

https://whatsapp.com/channel/0029Va86dE07j6fzr8Bmlo0r

പാലക്കാട് 8139 അപേക്ഷകരില്‍ പ്രവേശനം ലഭിച്ചത് 2643 പേര്‍ക്കും കോഴിക്കോട് 7192 അപേക്ഷകരില്‍ പ്രവേശനം ലഭിച്ചത് 3342 പേര്‍ക്കുമാണ്. കോഴിക്കോട് 3850 ഉം പാലക്കാട് 5,490 ഉം കുട്ടികള്‍ക്ക് ഇത് വരെ അഡ്മിഷന്‍ ആയിട്ടില്ല. അതേസമയം പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒഴികെ സംസ്ഥാനത്തെ ഒമ്പതു ജില്ലകളിലും അപേക്ഷകരെക്കാള്‍ കൂടുതല്‍ പ്ലസ് വണ്‍ മെറിറ്റ് സീറ്റ് ഉണ്ട്.

അണ്‍ എയ്ഡഡ് വിഭാഗം കൂടി പരിഗണിക്കുമ്പോള്‍ ഈ ജില്ലകളിലും അപേക്ഷകരെക്കാള്‍ കൂടുതല്‍ സീറ്റുണ്ട്. പത്തനംതിട്ട ജില്ലയില്‍ സപ്ലിമെന്ററി അലോട്മെന്റിനായി ബാക്കിയുള്ളത് 3087 സീറ്റാണ്. എന്നാല്‍ ഇവിടെ അപേക്ഷകര്‍ 478 മാത്രമാണ്. മുന്‍വര്‍ഷങ്ങളില്‍ സപ്ലിമെന്ററി അലോട്മെന്റ് ഘട്ടത്തില്‍ സീറ്റെണ്ണത്തില്‍ കുറവുണ്ടായിരുന്നത് തിരുവനന്തപുരത്തായിരുന്നു.

എന്നാല്‍ ഇത്തവണ അപേക്ഷകരെക്കാള്‍ കൂടുതല്‍ മെറിറ്റ് സീറ്റ് ജില്ലയിലുണ്ട്. അതേസമയം സംസ്ഥാനത്തുള്ള 14 മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സപ്ലിമെന്ററി ഘട്ടത്തില്‍ ഇനി രണ്ട് അലോട്ട്‌മെന്റ് കൂടിയുണ്ടാകും. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള വിശദാംശങ്ങള്‍ ജൂലൈ 12-ന് പ്രസിദ്ധീകരിക്കും.