കോപ്പ: മെസ്സിപ്പട മുന്നോട്ട്; അർജൻറീന തുടർച്ചയായ ഫൈനലിൽ

കാനഡയെ എതിരില്ലാത്ത രണ്ടുഗോളിന് തോൽപ്പിച്ച് അർജൻറീനക്ക് തുടർച്ചയായ ഫൈനൽ. ജൂലിയൻ അൽവാരസ്, ലയണൽ മെസ്സി എന്നിവർ നേടിയ ഗോളുകളിലാണ് അർജൻറീന കലാശപ്പോരിലേക്ക് യോഗ്യത നേടിയത്. നാളെ നടക്കുന്ന ഉറുഗ്വായ്-കൊളംബിയ മത്സരത്തിലെ വിജയികളാവും അർജൻറീനയുടെ എതിരാളികൾ.

23ാം മിനുറ്റിൽ റോഡ്രിഗോ ഡിപോളി​െൻറ പാസിലാണ്​ അൽവാരസ്​ കാനഡയുടെ ഹൃദയം തുളച്ച ഗോൾ നേടിയത്​. ആദ്യപകുതിയിൽ അർജൻറീനയുടെ കാലുകളിൽ തന്നെയായിരുന്നു കളിയു​ടെ നിയന്ത്രണം. കൗണ്ടർ അറ്റാക്കിലൂടെ തിരിച്ചടിക്കാനായിരുന്നു കാനഡയുടെ ശ്രമം.

രണ്ടാം പകുതിയും അർജൻറീന ആഗ്രഹിച്ച രീതിയിലാണ്​​ തുടങ്ങിയത്​. 51ാം മിനുറ്റിൽ എൻസോ ഫെർണാണ്ടസി​െൻറ ഷോട്ടിൽ നിന്നും വീണുകിട്ടിയ പന്ത്​ മെസ്സി വലയിലേക്ക്​ എത്തിക്കുകയായിരുന്നു. ഓഫ്​ സൈഡിനായി കാനഡ താരങ്ങൾ വാദമുയർത്തിയെങ്കിലും വി.എ.ആർ പരിശോധനയിലൂടെ റഫറി ഗോൾ അനുവദിച്ചു.

ഗോൾ നേട്ടത്തോടെ ആറാം കോപ്പയിലും ഗോൾ നേടുന്ന താരമായി മെസ്സി മാറി. ഈ കോപ്പയിലെ മെസ്സിയുടെ ആദ്യ ഗോളാണിത്. അവസാന മിനുറ്റുകളിൽ കാനഡ കളം നിറഞ്ഞുകളിച്ചെങ്കിലും ഗോളിലേക്ക് നിറയൊഴിക്കാനായില്ല. അർജൻറീനക്കായി ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് വീണ്ടും ഉജ്ജ്വല പ്രകടനമാണ് നടത്തിയത്.

https://whatsapp.com/channel/0029Va86dE07j6fzr8Bmlo0r