സൂപ്പര്‍ ഗോളുകളുമായി യമാലും ഓല്‍മോയും; തുടര്‍ജയങ്ങളില്‍ റെക്കോഡിട്ട് സ്‌പെയിന്‍ ഫൈനലില്‍

ഫ്രാന്‍സിനെതിരേ ആക്രമണ പ്രത്യാക്രമണങ്ങള്‍ നിറഞ്ഞ യൂറോ കപ്പ് സെമി പോരാട്ടം ജയിച്ച് സ്പാനിഷ് സംഘം ഫൈനലില്‍. രണ്ടാം പകുതിയില്‍ തകര്‍ത്തുകളിച്ച ഫ്രാന്‍സിന്റെ മുന്നേറ്റങ്ങളെ തടഞ്ഞുനിര്‍ത്തി ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു സ്‌പെയിനിന്റെ ജയം. ഒമ്പതാം മിനിറ്റില്‍ തന്നെ ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോളുകള്‍ തിരിച്ചടിച്ചാണ് സ്‌പെയിന്‍ ജയം സ്വന്തമാക്കിയത്. യൂറോയില്‍ സ്പാനിഷ് സംഘത്തിന്റെ അഞ്ചാം ഫൈനലാണിത്. ഇത്തവണത്തെ യൂറോയില്‍ സ്‌പെയിനിന്റെ തുടര്‍ച്ചയായ ആറാം ജയമായിരുന്നു ഇത്. യൂറോ കപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായി ആറു കളികള്‍ ജയിക്കുന്ന ആദ്യ ടീമെന്ന റെക്കോഡും സ്വന്തമാക്കിയാണ് സ്‌പെയിനിന്റെ ഫൈനല്‍ പ്രവേശനം. ഒമ്പതാം മിനിറ്റില്‍ കോലോ മുവാനിയിലൂടെ മുന്നിലെത്തിയ ഫ്രാന്‍സിനെതിരേ ലമിന്‍ യമാലിലൂടെയും ഡാനി ഓല്‍മോയിലൂടെയും സ്‌പെയിന്‍ തിരിച്ചടിക്കുകയായിരുന്നു.

മാസ്‌ക് മാറ്റിയിറങ്ങി മികച്ച പ്രകടനം പുറത്തെടുത്ത ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയ്ക്കും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. നെതര്‍ലന്‍ഡ്‌സ് – ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനല്‍ വിജയികളെ ഞായറാഴ്ച രാത്രി ബെര്‍ലിനില്‍ നടക്കുന്ന ഫൈനലില്‍ സ്‌പെയിന്‍ നേരിടും.

ജര്‍മനിക്കെതിരായ ക്വാര്‍ട്ടര്‍ മത്സരത്തില്‍ നിന്ന് മൂന്ന് മാറ്റങ്ങളോടെയാണ് സ്‌പെയിന്‍ ഇറങ്ങിയത്. സസ്പെന്‍ഷന്‍ കാരണം പുറത്തിരിക്കുന്ന റൈറ്റ് ബാക്ക് ഡാനി കാര്‍വഹാലിനും സെന്റര്‍ ബാക്ക് റോബിന്‍ ലെ നോര്‍മന്‍ഡിനും പകരം ജെസ്യൂസ് നവാസും നാച്ചോയുമെത്തി. മധ്യനിരയില്‍ പരിക്കേറ്റ പെഡ്രിക്ക് പകരം ഡാനി ഒല്‍മോ ഇറങ്ങി.

Join our channel:

https://whatsapp.com/channel/0029Va86dE07j6fzr8Bmlo0r