എറണാകുളം: ചെങ്ങമനാട് കപ്രശ്ശേരിയില്‍ പത്താംക്‌ളാസ് വിദ്യാര്‍ഥി മരിച്ചത് ഓണ്‍ലൈന്‍ ഗെയിമിലെ ടാസ്‌ക് അനുകരിച്ചത് മൂലമെന്ന സംശയം ശക്തം. വടക്കുഞ്ചേരി വീട്ടില്‍ ജെയ്മിയുടെ മകന്‍ അഗ്‌നലിന്റെ(15) മരണത്തില്‍ പോലീസ് വിശദ അന്വേഷണം നടത്തും. അഗ്നലിനെ വെള്ളിയാഴ്ച വൈകീട്ട് വീടിനകത്ത് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. വിദ്യാര്‍ഥിയുടെ മരണത്തിന്റെ കാരണമറിയാന്‍ നെടുമ്പാശ്ശേരി പോലീസ് അന്വേഷണം തുടങ്ങി.
ഓണ്‍ലൈന്‍ ഗെയിമിന്റെ ഭാഗമായി ചെയ്ത സാഹസിക കൃത്യമാണ് മരണമായതെന്നാണ് വിലയിരുത്തല്‍. ഫോണില്‍ രഹസ്യ നമ്പറുണ്ടാക്കിയാണ് അഗ്‌നല്‍ ഗെയിം കളിച്ചിരുന്നത്. അമ്മയുടെ ഫോണില്‍ ഡെവിള്‍ എന്ന പേരിലുള്ള ഗെയിം ഉണ്ടായിരുന്നു. ഇതാണ് സംശയം ബലപ്പെടുത്തുന്നത്. മറ്റ് ദുരൂഹതകളൊന്നും കണ്ടെത്താനുമായിട്ടില്ല. ഈ സാഹചര്യത്തില്‍ അഗ്നല്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ ഫൊറന്‍സിക് പരിശോധനക്കായി പോലീസ് എടുത്തു.
മഴക്കോട്ട് ധരിച്ച് മുഖം മറച്ച് കൈകള്‍ പിന്നില്‍ കെട്ടി, വായ് പ്ലാസ്റ്റര്‍ കൊണ്ട് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം. താടിയെല്ലിന് മുറിവുണ്ടായിരുന്നു. ഓണ്‍ലൈന്‍ ഗെയിമിന്റെ ഭാഗമായി ചെയ്ത സാഹസിക കാര്യങ്ങള്‍ മൂലം ജീവഹാനി സംഭവിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. പിതാവ് മുറിയുടെ വാതില്‍ ചവിട്ടിത്തുറന്ന സമയവും മൊബൈല്‍ ഫോണിലെ ഓണ്‍ലൈന്‍ ഗെയിം ഓണ്‍ ആയിരുന്നു. മാതാവ് ജിനിയുടെ ഫോണാണ് കുട്ടി ഉപയോഗിക്കുന്നത്. ഇതില്‍ ഗെയിം ഇന്‍സ്റ്റാള്‍ ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
സ്‌കൂള്‍ വിട്ട ശേഷം വീട്ടിലേക്ക് വരുന്ന വഴി മറ്റൊരു ഫോണില്‍ നിന്ന് അഗ്‌നല്‍ ജെയ്മിയെ വിളിച്ചിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ടാക്‌സി ഡ്രൈവറായ ജെയ്മി കളമശ്ശേരിയില്‍നിന്ന് ഓട്ടം കഴിഞ്ഞ് വരുകയാണെന്നും ഉടനെ വീട്ടിലെത്തുമെന്നും അറിയിച്ചിരുന്നു. കൃത്യ സമയത്ത് വീട്ടിലെത്തിയ അഗ്‌നല്‍ അമ്മ ജിനിയോട് കുടുംബ വിശേഷങ്ങള്‍ പറഞ്ഞു. അഗ്നലിന് പ്രശ്‌നമുണ്ടെന്ന സൂചനകളൊന്നും ആര്‍ക്കും കിട്ടിയതുമില്ല.
മംഗലാപുരത്ത് നഴ്‌സിങ്ങിന് പഠിക്കുന്ന ഏക സഹോദരി എയ്ഞ്ചലിനെ കാണാന്‍ ശനിയാഴ്ച കുടുംബസമേതം പോകാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി പലഹാരമുണ്ടാക്കുന്ന തിരക്കിലായിരുന്നു അമ്മ. പിന്നീട് അഗ്‌നല്‍ കിടപ്പുമുറിയിലേക്ക് പോയി. കുറച്ചു കഴിഞ്ഞ് ജെയ്മിയും വീട്ടിലെത്തി. അഗ്‌നലിന്റെ മുറി പൂട്ടിയ നിലയിലായിരുന്നു. ഏറെ നേരം വിളിച്ചിട്ടും വാതില്‍ തുറന്നില്ല.
ഇതോടെ ജെയ്മി വീടിന്റെ മുകള്‍നിലയില്‍ വാടകയ്ക്ക് താമസിക്കുന്ന സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ അഗ്‌നലിനെ കണ്ടെത്തിയത്. ഉടനെ ദേശം സി.എ. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. വൈകീട്ട് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കപ്രശ്ശേരി ലിറ്റില്‍ ഫ്‌ളവര്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.
മകന്‍ പലഭാഷകളില്‍ ആളുകളുമായി സംസാരിക്കുന്നത് കേട്ടിട്ടുണ്ടെന്നും ജെയ്മി പറയുന്നു. അതിനിടെ പത്താംക്ലാസുകാരന്‍ ആത്മഹത്യ സംഭവം ഞെട്ടിക്കുന്നതെന്ന് ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് പ്രതികരിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് ഓണ്‍ലൈന്‍ കില്ലര്‍ ഗെയിമുകള്‍ക്ക് തടയിടണം . ഐ. ടി വിദഗ്ദ്ധരുടെ സഹായത്തോടെ സര്‍ക്കാര്‍ തലത്തില്‍ പരിഹാരം കാണണമെന്നും അന്‍വര്‍ സാദാത്ത് ആവശ്യപ്പെട്ടു.