മനോരമ മുതൽ മറുനാടൻ വരെ
മനോരമ ന്യൂസ് ഓൺലൈൻ, റിപ്പോർട്ടർ, ജനം ടി.വി, മറുനാടൻ മലയാളി, കർമ്മ ന്യൂസ് എന്നിവയ്ക്കെതിരെ സംസ്ഥാനത്ത് സൈബർ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് 6720 സൈബർ കേസുകൾ രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് രജിസ്റ്റർ ചെയ്തെന്ന് മുഖ്യമന്ത്രി. ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ ആക്റ്റ്, ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, കേരള പകർച്ച വ്യാധി നിയന്ത്രണ നിയമം എന്നിവയിലെ വകുപ്പുകൾ പ്രകാരമാണ് സൈബർ കേസ് രജിസ്റ്റർ ചെയ്തത്.
സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്തവർക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭ മറുപടിയിൽ വ്യക്തമാക്കി. യൂ ട്യൂബ് , ഫേസ് ബുക്ക്, എക്സ്, ടെലിഗ്രാം, വാട്ട്സ് ആപ്പ്, മനോരമ ന്യൂസ് ഓൺലൈൻ , റിപ്പോർട്ടർ, ജനം ടി.വി, മറുനാടൻ മലയാളി, കർമ്മ ന്യൂസ് പോർട്ടൽ എന്നിവ കൈകാര്യം ചെയ്തവർക്കെതിരെ സൈബർ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
59 പ്രൊഫൈലുകളും, 5494 പോസ്റ്റുകളും, 9103 വെബ്സൈറ്റുകളും സൈബർ ഹെഡ്ക്വാർട്ടേഴ്സ് നീക്കം ചെയ്തിട്ടുണ്ട്. ഐ ടി ആക്ടിലെ സെക്ഷൻ 79 (3) ( b ) പ്രകാരം കോഗ്നിസബിൾ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട സോഷ്യൽ മീഡിയ പ്രൊഫൈലുകൾ നീക്കം ചെയ്യാൻ നോട്ടിസ് പുറപ്പെടുവിച്ചു വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.