ആമയിഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായി മൂന്നാം ദിവസമായ ഇന്നും തെരച്ചിൽ തുടരും. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തെരച്ചിൽ രാവിലെ ആറരയോടെ തുടങ്ങും. സ്കൂബ ടീമും നേവി സംഘത്തിനൊപ്പം തെരച്ചിലിന് ഇറങ്ങും. സോണാർ ഉപയോഗിച്ച് പരിശോധിച്ച ശേഷമാകും ഇന്നത്തെ ദൗത്യം തുടങ്ങുക. ഇന്നലെ എൻഡിആർഎഫും, ഫയർഫോഴ്സും സംയുക്തമായി പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.
തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഇന്നലെ താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു. 34 മണിക്കൂര്‍ നീണ്ട തെരച്ചിലാണ് ഇന്നലെ താല്‍ക്കാലികമായി നിര്‍ത്തിയത്. റെയിൽവെ ട്രാക്കിന് അടിയിലൂടെ കടന്നുപോകുന്ന ടണലിൽ സ്കൂബ സംഘം മുങ്ങി പരിശോധന നടത്തിയെങ്കിലും ദൗത്യം ഇന്ന് ലക്ഷ്യം കണാനായില്ല. അതിശക്തമായി വെള്ളം ഒഴുക്കിവിട്ട് മാലിന്യം നീക്കാനുള്ള ശ്രമവും ഫലം കണ്ടില്ല. ആറ് മണിയോടെ സ്കൂബ സംഘം ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു.
അതേസമയം, നേവിയുടെ മുങ്ങൽ വിദഗ്ധർ അടങ്ങുന്ന സംഘം തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. അഞ്ച് പേരാണ് സംഘത്തിലുള്ളത്. നേവി ടീമിന്റെ പരിശോധന ഇന്ന് ആരംഭിക്കും. ഇപ്പോഴത്തെ പരിശോധന സ്വതന്ത്രമായി നടത്താനാണ് തീരുമാനം. മാധ്യമങ്ങളോ മറ്റ് ഉദ്യോഗസ്ഥരോ വരരുതുന്ന് നേവി അറിയിച്ചിട്ടുണ്ട്. കളക്ടർ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
ബ്രീഫിങ്ങിനായി ഒന്നോ രണ്ടോ ഉദ്യോഗസ്ഥർ മാത്രം നേവി ടീമിനൊപ്പം ഉണ്ടാകും. തടയണ കെട്ടി ഓപ്പറേഷൻ വേണ്ടി വെള്ളം പമ്പ് ചെയ്യുന്നതും തത്കാലം നിർത്തി വെച്ചെന്ന് മേയർ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു. നേവിയുടെ തീരുമാനം വന്ന ശേഷം ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുമെന്ന് മേയർ പറഞ്ഞു. തിങ്കളാഴ്ച രാവിലെ നടക്കുന്ന പരിശോധനയിൽ നേവി സോണാർ ഉപയോഗിച്ച് ടണലിനുള്ളിലെ ദൃശ്യം ശേഖരിക്കുമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് മാരായമുട്ടം സ്വദേശി ജോയിയെ കാണാതായത്.