Breaking news
7 Oct 2024, Mon

മൂന്ന് ദിവസംനീണ്ട തിരച്ചിൽ വിഫലം, പൈപ്പിൽ കുടുങ്ങിയനിലയിൽ മൃതദേഹം; കണ്ണീരായി ജോയി

തിരുവനന്തപുരം: നാടൊന്നാകെ കൈ കോർത്തു ഒരു ജീവന് വേണ്ടി. എല്ലാവിധ ആധുനിക സൗകര്യങ്ങളും എത്തിച്ച് തിരച്ചിൽ നടത്തി. എന്നാൽ ആമയിഴഞ്ചാൻ തോട്ടിൽ മുങ്ങിയ ജോയിയുടെ ജീവൻ രക്ഷിക്കാനായില്ല. ഒടുവിൽ മൂന്നാം ദിവസം തകരപ്പറമ്പിലെ കനാലിൽ പൈപ്പിൽ കുടുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച് തുടർനടപടികൾക്ക് ശേഷം മൃതദേഹം ജോയിയുടേതെന്ന് സ്ഥിരീകരിച്ചു. മൂന്ന് ദിവസത്തെ പഴക്കമുള്ളതിനാൽ അഴുകിയനിലയിലായിരുന്നു മൃതദേഹം.

കാണാതായ സ്ഥലത്ത് നിന്ന് ഒരു കിലോ മീറ്റർ അകലെ ആയിട്ടാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായതിന് പിന്നാലെ സമീപത്തെ തോടുകളിൽ പരിശോധനയ്ക്കായ് നഗരസഭ ജീവനക്കാരെ നിയമിച്ചിരുന്നു. ഇവരാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 9.15-ഓടെയായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. തകരപ്പറമ്പിലെ കനാലിൽ നിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടർനടപടികൾക്കായി മെഡിക്കൽ കോളേജിൽ എത്തിച്ച മൃതദേഹം, കുടുംബക്കാർ എത്തി പരിശോധനകൾക്ക് ശേഷം തിരിച്ചറിയുകയായിരുന്നു.

48 മണിക്കൂറിലേറെ നീണ്ട പരിശോധനകൾ വിഫലമായതിനെത്തുടർന്ന് നാവിക സേന അടക്കമുള്ളവർ പരിശോധനയ്ക്കായി സ്ഥലത്തെത്തിയിരുന്നു. എന്നാൽ ഇന്ന് രാവിലെയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ആമയിഴഞ്ചാൻ തോടിന്റെ തമ്പാനൂർ റെയിൽവേ പാളത്തിന്റെ അടിയിലൂടെ കടന്നുപോകുന്ന ഭാഗത്താണ് ശനിയാഴ്ച പതിനൊന്നുമണിയോടെ തൊഴിലാളി ഒഴുക്കിൽപ്പെട്ടത്. തോട്ടിൽ ആൾപ്പൊക്കത്തെക്കാൾ ഉയരത്തിൽ മാലിന്യം കുമിഞ്ഞുകൂടിയത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയിരുന്നു. പാളത്തിന്റെ അടിഭാഗത്ത് 140 മീറ്റർ നീളത്തിൽ തുരങ്കത്തിലൂടെയാണ് വെള്ളം ഒഴുകുന്നത്. തുടർന്ന് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമായിരുന്നു നടന്നത്. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

കരാർ ജോലിക്ക് ചുമതലപ്പെടുത്തിയ കോൺട്രാക്ടർ പഞ്ചായത്ത് മെമ്പർ കൂടെ ജോലി ചെയ്യുന്ന ആളുകൾ വന്ന് മൃതദേഹം കണ്ടെത്തി സ്ഥിരീകരണം നടത്തിയെന്ന് വികെ പ്രശാന്ത് എം.എൽ.എ. വ്യക്തമാക്കി. തുടർന്ന് കുടുംബം എത്തി ഔദ്യോഗിക സ്ഥിരീകരണം നടത്തുകയായിരുന്നു. അപകടസമയത്ത് തന്നെ മൃതദേഹം ഇവിടെ നിന്ന് മാറിപ്പോയതോ വാട്ടർ അതോറിറ്റി തുറന്നുവിട്ട് ഒഴുക്ക് ഉണ്ടാക്കിയതിന്റെ ഭാഗമായി മൃതദേഹം പോയതോ ആകാം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മൃതദേഹം നെയ്യാറ്റിൻകരയിലെ മാരായമുട്ടത്തെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം അവിടെവെച്ച് നടക്കുമെന്നാണ് വിവരം.