Breaking news
4 Oct 2024, Fri

നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണം പൂര്‍ത്തിയായോ എന്നറിയിക്കാന്‍ ഇ.ഡിയോട് നിര്‍ദേശിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഇ.ഡി അഭിഭാഷകനോട് ഇക്കാര്യം നിര്‍ദേശിച്ചത്. 

കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക്‌ മാറ്റണമെന്നാവശ്യപ്പെട്ട് ഇ.ഡി നല്‍കിയ ട്രാന്‍സ്ഫര്‍ ഹര്‍ജി പരിഗണനയ്‌ക്കെടുത്തപ്പോഴാണ് സുപ്രീം കോടതി അന്വേഷണ പുരോഗതി ആരാഞ്ഞത്. ഇ.ഡിക്കുവേണ്ടി ഈ കേസില്‍ ഹാജരാകുന്നത് സോളിസിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ്. അദ്ദേഹം ഡല്‍ഹിയില്‍ ഇല്ലാത്തതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് രണ്ട് ആഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് ജൂനിയര്‍ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചു.

ഈ ആവശ്യം അംഗീകരിച്ച സുപ്രീം കോടതി ഹര്‍ജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി. അടുത്ത തവണ ഹര്‍ജി പരിഗണിക്കുമ്പോള്‍ കേസിന്റെ അന്വേഷണം പൂര്‍ത്തിയായോ എന്ന കാര്യം അറിയിക്കണമെന്നും ബെഞ്ച് ഇ.ഡി യുടെ അഭിഭാഷകനോട് നിര്‍ദേശിച്ചു.

കേസില്‍ 27 പ്രതികള്‍ ഉണ്ടെന്നും, എന്നാല്‍ ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ വെറും നാലുപേരെ മാത്രമാണ് ഇ.ഡി കക്ഷി ചേര്‍ത്തിരിക്കുന്നതെന്നും എം. ശിവശങ്കറിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയന്ത് മുത്തുരാജ് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. കേസില്‍ സപ്ലിമെന്ററി കുറ്റപത്രം ഫയല്‍ ചെയ്ത് കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേസിന്റെ വിചാരണ മാറ്റുന്നതിനുമുമ്പ് മുഴുവന്‍ പ്രതികളെയും കേള്‍ക്കണം എന്നതാണ് കീഴ്‌വഴക്കമെന്നും ജയന്ത് മുത്തുരാജ് ചൂണ്ടിക്കാട്ടി. ഇക്കാര്യം വാദം കേള്‍ക്കുമ്പോള്‍ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റാന്റിംഗ് കോണ്‍സല്‍ സി.കെ ശശി ഹാജരായി.