കൊച്ചി: നടൻ ആസിഫ് അലിയെ അപമാനിച്ച സംഭവത്തിൽ സംഗീതഞ്ജൻ രമേഷ് നാരായണിനോട് വിശദീകരണം തേടി ഫെഫ്ക മ്യൂസിക് യൂണിയൻ. ഇന്നലെ ആണ് ഫെഫ്കയുടെ ഭാഗം ആയ മ്യൂസിക് യൂണിയൻ രമേശ് നാരായണനോട് വിശദീകരണം തേടിയത്. മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ തന്നെ ആണ് വിശദീകരണ കുറിപ്പിൽ രമേഷ് അറിയിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.
ആസിഫ് അലിയെ കരുതിക്കൂട്ടി അപമാനിച്ചിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് രമേഷ് നാരായണ്‍ പറഞ്ഞത്. ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ അങ്ങനെ തോന്നിയെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ആസിഫിനെ വിളിച്ചു സംസാരിക്കും. ഞാൻ ഏറെ ബഹുമാനിക്കുന്ന നടനാണ് ആസിഫ് അലിയെന്നും രമേഷ് നാരായണ്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ജൂലൈ 15ന് ആയിരുന്നു വിവാദങ്ങള്‍ക്ക് ആസ്പദമായ സംഭവങ്ങള്‍ നടന്നത്. എം ടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കി ഒരു ആന്തോളജി ചിത്രം റിലീസിന് ഒരുങ്ങുന്നുണ്ട്. മനോരഥങ്ങള്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. സിനിമയില്‍ രമേഷ് നാരായണ്‍ സംഗീതം നല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തിന് മൊമന്‍റോ നല്കാനാണ് ആസിഫ് അലിയെ ക്ഷണിച്ചത്. എന്നാല്‍ നടന്‍ മൊമന്‍റോ നല്‍കിയത് നോക്കാനോ ഹസ്തദാനം നല്‍കാനോ രമേഷ് തയ്യാറായില്ല. സദസിനെ പുറംതിരിഞ്ഞ് നിന്നാണ് രമേഷ് അഭിസംബോധനം ചെയ്തതും. ഇതിനിടെ സംവിധായകന്‍ ജയരാജിനെ വിളിച്ച് മൊമന്‍റോ ഏല്‍പ്പിച്ച് അത് തനിക്ക് നല്‍കാനും രമേഷ് ആവശ്യപ്പെടുകയും ആയിരുന്നു. ഇതെല്ലാം ഒരു ചെറു പുഞ്ചിരിയോടെ മാത്രമാണ് ആസിഫ് നോക്കി കണ്ടത്.
സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. തനിക്കെതിരെ നടന്ന അനീതിയെ വളരെ കൂളായി കൈകാര്യം ചെയ്തത ആസിഫ് അലിയെ പ്രശംസിച്ചും പിന്തുണച്ചും നിരവധി പേരാണ് രംഗത്ത് എത്തിയത്. ഒപ്പം രമേഷ് നാരായണിന് എതിരെ വലിയ തോതില്‍ വിമര്‍ശനവും ട്രോളുകളും ഉയരുന്നുണ്ട്.