മതസംഘടനകള്‍, ആരാധനാലയങ്ങള്‍ എന്നിവയുമായുണ്ടായിരുന്ന ബന്ധം പാര്‍ട്ടിക്ക് നഷ്ടപ്പെട്ടതായി കെ.പി.സി.സി. ക്യാമ്പ് എക്‌സിക്യുട്ടീവ് അംഗീകരിച്ച മാര്‍ഗരേഖ. സഹകരണമില്ലാതായതോടെ വര്‍ഗീയസംഘടനകളും വിശ്വാസവിരുദ്ധ നിലപാടുള്ള പാര്‍ട്ടികളും അവിടെ നുഴഞ്ഞുകയറി. ഇതുകാരണം കോണ്‍ഗ്രസിന് സാധാരണ ജനങ്ങളുമായുള്ള ഇഴയടുപ്പം നഷ്ടപ്പെട്ടു. മണ്ഡലംതലത്തില്‍ ഇടപെട്ട് ഈ പോരായ്മ അടിയന്തരമായി പരിഹരിക്കണമെന്ന് മാര്‍ഗരേഖ നിര്‍ദേശിക്കുന്നു.
സാധാരണജനങ്ങളുമായുള്ള ബന്ധം തിരിച്ചുപിടിക്കാന്‍ കീഴ്ഘടകങ്ങള്‍ക്ക് ഒട്ടേറെ നിര്‍ദേശങ്ങള്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. ഗ്രന്ഥശാലകള്‍, ജീവകാരുണ്യസംഘടനകള്‍, റെസിഡന്റ്സ് അസോസിയേഷനുകള്‍, കുടുംബശ്രീ, വാട്സാപ്പ് കൂട്ടായ്മകള്‍, കുടുംബയോഗങ്ങള്‍ എന്നിവയുടെ ഭാരവാഹികളുടെ വിവരം ശേഖരിക്കലാണ് ഇതില്‍ പ്രധാനം. ഓഗസ്റ്റ് 15-നകം ഇത് കെ.പി.സി.സി.ക്ക് നല്‍കണം. ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് സംഘടന രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം തുടങ്ങണം.
എല്ലാ നേതാക്കളും മാസത്തില്‍ കുറഞ്ഞത് ഒരുദിവസം സ്വന്തം വാര്‍ഡില്‍ പാര്‍ട്ടിപ്രവര്‍ത്തനത്തിന് സമയം കണ്ടെത്തണം. പെര്‍ഫോമന്‍സ് ഓഡിറ്റില്‍ ഇത് പരിശോധിക്കും. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളിലും നേതാക്കളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് ഉണ്ടാവും. ജില്ലയുടെ ചുമതലയുള്ള ഭാരവാഹികള്‍ മാസത്തില്‍ 15 ദിവസം ജില്ലയിലുടനീളം യാത്രചെയ്ത് പാര്‍ട്ടി പരിപാടികള്‍ ഏകോപിപ്പിക്കും.
തിരഞ്ഞെടുപ്പിന് പരിശീലനം
തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്കും പ്രത്യയശാസ്ത്ര പഠനത്തിനുമായി കെ.പി.സി.സി.മുതല്‍ ബൂത്തുതലംവരെ പരിശീലനം നല്‍കും. ഇതിനായി ഡി.സി.സി., ബ്ലോക്ക്, പഞ്ചായത്തുതല ക്യാമ്പുകള്‍ സംഘടിപ്പിക്കണം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പണമില്ലാത്ത സാഹചര്യമുണ്ടാവാതിരിക്കാന്‍ വീടു കയറി പിരിവെടുക്കണം. തദ്ദേശതിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കുമാത്രം ഉപയോഗിക്കുന്നു എന്നുറപ്പുവരുത്തണം.
ദേശീയ, സംസ്ഥാനാടിസ്ഥാനത്തില്‍ അത്യാവശ്യം നടത്തേണ്ട പരിപാടികളൊഴികെ പാര്‍ട്ടിയുടെ സമരം മുഴുവന്‍ മണ്ഡലം, ബ്ലോക്ക് തലങ്ങളില്‍ കേന്ദ്രീകരിക്കും. ഒക്ടോബറില്‍ ജനകീയപ്രശ്‌നങ്ങള്‍ ഉന്നയിച്ച് പദയാത്രകള്‍ സംഘടിപ്പിക്കും. പ്രാദേശിക വികസന സെമിനാറുകളും സംസ്ഥാനതലത്തില്‍ വികസന കോണ്‍ഗ്രസും സംഘടിപ്പിക്കും. കെ.പി.സി.സി. തലത്തില്‍ മഹാപഞ്ചായത്തും നടത്തും.